ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായതായി എന്‍. ഐ. എ വെളിപ്പെടുത്തി. സ്‌ഫോടനം ആസൂത്രണം ചെയ്തത് ജന്മു-കാശ്മീരിലെന്നാണ് സൂചന. രണ്ട് പേരെ എന്‍. ഐ. എ തിരയുന്നു. ഇതില്‍ ഒരാള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളയാളാണ് എന്നും എന്‍. ഐ. എ പറയുന്നു.

കശ്മീര്‍ താഴ്‌വരയിലെ കിഷ്ത്വര്‍ ഇന്റര്‍നെറ്റ് കഫേയില്‍നിന്ന് തീവ്രവാദി സംഘടനയുടെ പേരില്‍ ഇ-മെയില്‍ അയച്ച രണ്ട് വിദ്യാര്‍ഥികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ‘ഹുജി’യുടെ പേരില്‍ ആദ്യ മെയില്‍ അയച്ചത് ഇവരാണെന്നാണ് സൂചന. കിഷ്ത്വര്‍ കോടതി ഇരുവരെയും ബുധനാഴ്ച 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കു പുറമെ 25, 30 വയസ്സിനിടയില്‍ പ്രായമുള്ള അഞ്ചു പേരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് കരുതപ്പെടുന്നതായി ഇന്നലെ എന്‍. ഐ. എ പറഞ്ഞിരുന്നു.

അന്വേഷണത്തില്‍ ചില പുരോഗതികളുണ്ടെന്നും എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇ-മെയില്‍ സന്ദേശം കൈമാറി എന്നല്ലാതെ സ്‌ഫോടനത്തില്‍ പങ്കുവഹിച്ചു എന്ന് ബോധ്യപ്പെടുന്ന ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമായ ചില വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സ്‌ഫോടനത്തിന് ഉപയോഗിച്ച മിശ്രിതം ദല്‍ഹിയില്‍തന്നെയാണ് തയാറാക്കിയതെന്നും തെളിഞ്ഞതായാണ് സൂചന. ദല്‍ഹിക്കു പുറമെ ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. രണ്ടോ മൂന്നോ തീവ്രവാദ സംഘടനകളുടെ ഏകോപനം സ്‌ഫോടനത്തിനു പിന്നില്‍ ഉണ്ടായിരിക്കുമെന്നാണ് എന്‍.ഐ.എ നല്‍കുന്ന സൂചന. തദ്ദേശീയ തീവ്രവാദ സംഘടന തന്നെയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരവും സൂചന നല്‍കി.