Categories

കിംഗ്‌സ് ഇലവനെതിരെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന് 29 റണ്‍സ് വിജയം

ഡല്‍ഹി: ചെകുത്താന്‍മാര്‍ വിശ്വരൂപം പുറത്തെടുത്തു. ഫിറോസ് ഷാ കോട്‌ല മൈതാനം സാക്ഷ്യം വഹിച്ചത് ഐ.പി.എല്ലിലെ കൂറ്റനടികളാണ്. ഡല്‍ഹിയുടെ ഓപ്പണര്‍മാരായ സേവാഗും വാര്‍ണറും തുടങ്ങിയ വെടിക്കെട്ട് ബാറ്റിംഗ് 146 റണ്‍സില്‍ പിരിഞ്ഞെങ്കിലും വേണുഗോപാല്‍ റാവുവും നമന്‍ ഓജയും ചേര്‍ന്ന് ദൗത്യം പൂര്‍ത്തിയാക്കി. ഈ സീസണില്‍ ഐപിഎല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 231 റണ്‍സ് നേടിയത്. ഐപിഎല്ലിലെ മൂന്നാമത്തെ മികച്ച സ്‌കോറാണിത്.

ടോസ് നേടിയ പഞ്ചാബ് നായകന്‍ ആദം ഗില്‍ക്രിസ്റ്റ്് ഡല്‍ഹിയെ ബാറ്റിംഗിനയച്ച തീരുമാനം തെറ്റായി. ഈ സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് സെവാഗും വാര്‍ണറും പടുത്തുയര്‍ത്തിയത്. 35 പന്തില്‍ എട്ടു ഫോറും നാലു സിക്‌സറുമടക്കം സെവാഗ് അടിച്ചുകൂട്ടിയത് 77 റണ്‍സാണ്. ഏഴു ബൗണ്ടറിയും നാലു സിക്‌സറുമടക്കം 48 പന്തില്‍ നിന്ന് വാര്‍ണര്‍ നേടിയതും 77 റണ്‍സ്. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും പഞ്ചാബിന് ഇരുവരുടെയും ഓപ്പണിംഗ് കൂട്ടുകെട്ടു പൊളിക്കാനായില്ല. 52 പന്തില്‍ നിന്നാണ് ഡല്‍ഹി 100 കടന്നത്. 28 പന്തില്‍നിന്ന് സെവാഗ് അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ വാര്‍ണര്‍ 29 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു.

പതിനൊന്നാം ഓവറില്‍ ആദ്യ മൂന്ന് പന്തുകളും ഗാലറിയിലെത്തിച്ച സേവാഗിനെ നാലാം പന്തില്‍ കാര്‍ത്തിക് പിടികൂടുകയായിരുന്നു. ഹസിക്കാണ് വിക്കറ്റ്. 5 പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമെടുത്ത ആരോണ്‍ ഫിഞ്ചിനും പെട്ടന്ന് മടങ്ങേണ്ടിവന്നു. തുടര്‍ന്ന് അവസാന ഓവറുകളിലാണ് വേണുഗോപാല്‍ റാവുവും നമാന്‍ ഓജയും ക്രീസില്‍ ഒന്നിച്ചത്. 15 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകളും ഒരു സിക്‌സറുമടക്കം 28 റണ്‍സെടുത്ത വേണുഗോപാല്‍ റാവുവും എട്ടു പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 19 റണ്‍സെടുത്ത നമാന്‍ ഓജയുമാണ് സ്‌കോര്‍ 231ലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഷോണ്‍ മാര്‍ഷിന്റെ അസാമാന്യ പ്രകടനവും (46 പന്തില്‍ 95) രക്ഷയായില്ല. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവര്‍ക്ക് കൈയെത്തിപ്പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു ഡല്‍ഹി ഉയര്‍ത്തിയ 231 റണ്‍സ്. ഗില്‍ക്രിസ്റ്റ് 33 പന്തില്‍ 42 റണ്‍സെടുത്തു. ഈ സീസണിലെ ഡല്‍ഹിയുടെ രണ്ടാം വിജയമാണിത്. രാജസ്ഥാനെതിരേ കഴിഞ്ഞ സീസണില്‍ ചെന്നൈ നേടിയ 246 റണ്‍സും ഉദ്ഘാടന സീസണില്‍ പഞ്ചാബിനെതിരേ മൊഹാലിയില്‍ ചെന്നൈ നേടിയ 240 റണ്‍സുമാണ് ടീം ടോട്ടലില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.