ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് വിചാരണകോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ജയലളിത നേരിട്ടു ഹാജരാകേണ്ടി വരും.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരിട്ട് ഹാജരാവുന്നതില്‍ നിന്ന തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജയലളിത ഹരജി സമര്‍പ്പിച്ചത്. വിഡിയൊ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാകാമെന്ന ജയലളിതയുടെ നിര്‍ദേശവും തള്ളിയ ജസ്റ്റിസ് ധല്‍വീര്‍ ബന്ധാരിയും ജസ്റ്റിക് ദീപക് വര്‍മ്മയും അടങ്ങിയ ബഞ്ച് നടപടികള്‍ നീട്ടിവയ്ക്കുക മാത്രമാണു ഹര്‍ജിക്കാരിയുടെ ഉദ്ദേശ്യമെന്നും നിരീക്ഷിച്ചു.

നേരത്തെ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ജയലളിതയുടെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്തി സുപ്രീം കോടതിയെ സമീപിച്ചത്. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന 1991-96 കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ച് കൂട്ടിയെനന്നാരോപിച്ച് ഡി.എം.കെയാണ് കേസ് ഫയല്‍ ചെയ്തത്.