ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ മുഖ്യ വിജിലന്‍സ് കമ്മീഷണറാകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതാധികാരസമിതിയാണ് സിവിസിയെ തിരഞ്ഞെടുത്തത്.

ഹരിയാന കേഡറിലെ ഐ.എ.എസുകാരനാണ് പ്രദീപ് കുമാര്‍. ബിഹാര്‍ സ്വദേശിയാണ്. പ്രതിരോധ സെക്രട്ടറിയാവുന്നതിന് മുമ്പ് ഓഹരി വിറ്റഴിക്കല്‍, ഡിഫന്‍സ് പ്രോഡക്ഷന്‍ എന്നിവയുടെ സെക്രട്ടറി ആയിരുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കൂടാതെ ബി.ജെ.പി നേതാവ് സുഷമ സ്വരാജ്, കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം എന്നിവരും സമിതിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠേന ആയിരുന്നെന്നു യോഗത്തിനു ശേഷം സുഷമ സ്വരാജ് പറഞ്ഞു.

മലയാളിയായ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിളള ഉള്‍പ്പെടെയുള്ളവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. പി.ജെ.തോമസിന്റെ സിവിസി നിയമനം മാര്‍ച്ച് മൂന്നിനു സൂപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണു പുതിയ നിയമനം.