രജനികാന്തിന്റെ ‘ കൊച്ചടിയാന്‍’ മായി ബന്ധപ്പെട്ട് ദിവസവും പുതിയ പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നായികയെക്കുറിച്ചായിരുന്നു ഇതിലേറെയും. കൊച്ചടിയാനില്‍ നായികയാകുമെന്ന് പ്രചരിക്കപ്പെട്ടരില്‍ തെന്നിന്ത്യന്‍ താരം അനുഷ്‌കാ ഷെട്ടി, ബോളിവുഡ് നടി അസിന്‍, വിദ്യാബാലന്‍ എന്നിവരുമുണ്ടായിരുന്നു. ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന്റെ പേരാണ് അവസാനം പറഞ്ഞുകേട്ടത്.

എന്നാല്‍ ഇവരാരുമല്ല ദീപിക പദുക്കോണാണ് രജനിയുടെ നായികയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദീപിക നായികയാവുന്നു എന്ന കാര്യം സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്ന രജനിയുടെ മകള്‍ സൗന്ദര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഗയ്‌സ് ദീപിക പഡുകോണാണ് കൊച്ചടിയാനിലെ നായിക’ എന്നാണ് സൗന്ദര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

സൗന്ദര്യ നിര്‍മ്മാണത്തില്‍ സഹകരിച്ച് കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘റാണ’ എന്ന ചിത്രത്തില്‍ ദീപിക അഭിനയിച്ച് വരികെയാണ് രജനികാന്ത് അസുഖബാധിതനായത്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുകയും ചെയ്തു.

അതിനിടെ കൊച്ചടിയാനില്‍ രജനി പ്രത്യക്ഷപ്പെടുന്നത് എയ്റ്റ് പായ്ക്ക് മസിലുമായാണെന്നും റിപ്പോര്‍ട്ടുണ്ട്. രജനി എയ്റ്റ് പായ്ക്ക് ശരീരം പ്രദര്‍ശിപ്പിച്ച് ശിവതാണ്ഡവമാടുന്ന കൊച്ചടിയാനിലെ പബ്ലിസിറ്റി പോസ്റ്ററുകളും ഇറങ്ങിക്കഴിഞ്ഞു. എട്ടാം നൂറ്റാണ്ടിലെ പാണ്ഡ്യ രാജാവായ കൊച്ചടിയാന്‍ എന്ന രണധീരനായാണ് രജനി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

രജനി അസുഖ ബാധിതനായി കിടക്കുന്ന സമയത്ത് ഏറെ നേര്‍ച്ചയും പൂജയും നടത്തിയ ആളാണ് ദീപിക. രജനിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തന്നെയായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ അസുഖം മാറിയപ്പോള്‍ ‘റാണ’ തുടരാത്തത് ദീപികയെ വിഷമിപ്പിച്ചിരുന്നു. ആ വിഷമം തീര്‍ക്കാനുള്ള അവസരമാണ് കൊച്ചടിയാനില്‍ ലഭിച്ചിരിക്കുന്നത്.

ത്രീ ഡി ചിത്രമായി പുറത്തിറങ്ങുന്ന കൊച്ചടിയാനില്‍ മലയാള നടി ശോഭനയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സ്‌നേഹ, ശരത്കുമാര്‍, ആദി, ജാക്കി ഷ്‌റോഫ് എന്നിങ്ങനെ വന്‍താരനിര തന്നെയുണ്ട് ഈ ചിത്രത്തില്‍.

Malayalam News

Kerala News In English