ഇസ്താംബൂള്‍: ഇന്ത്യയുടെ മുന്‍ നിര അമ്പെയ്ത്ത് താരം ദീപികാ കുമാരിക്ക് ഇസ്താംബൂളില്‍ നടന്ന ആര്‍ച്ചറി ലോകകപ്പില്‍ വെളളി. ചൈനയുടെ ചെംഗ് മിംഗിനാണ് സ്വര്‍ണം. ലോകകപ്പില്‍ ഇതിനകം മൂന്ന്് സ്വര്‍ണ്ണം നേടിയ ചൈനീസ് താരത്തിനെതിരെ മികച്ച പ്രകടനമാണ് പതിനേഴ്കാരിയായ ഇന്ത്യന്‍ താരം പുറത്തെടുത്തത്.

മൂന്നാം റൗണ്ട് കഴിയുമ്പോള്‍ 4-2ന് മുന്നിട്ട് നിന്നിരുന്ന ദീപിക അവസാന നിമിഷം ചൈനീസ് താരത്തിന്റെ അനുഭവസമ്പത്തിന് മുന്നില്‍ തോല്‍ക്കുകയായിരുന്നു. വിധിനിര്‍ണ്ണയിച്ച അവസാന ഷോട്ടില്‍ ചൈനീസ് താരം 9 പോയന്റ് നേടിയപ്പോള്‍ ദീപികക്ക് 8 പോയന്റേ നേടാനായുള്ളു. ലോകകപ്പിലെ ഇന്ത്യയുടെ ഏക പ്രതിനിധിയായിരുന്നു ദീപിക.

ലണ്ടന്‍ ഒളിപിംക്‌സിന് യോഗ്യത നേടിയുട്ടുള്ള ദീപിക ടൂര്‍ണ്ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം റൗണ്ടില്‍ മെക്‌സിക്കോയുടെ കൗമാരതാരം അല്‍ജെന്‍ഡ്ര വലന്‍സിയെ തോല്‍പ്പിച്ച ദീപിക സെമിയില്‍ ബീജിംഗ് ഒളിപിംക്‌സ് വെങ്കല മെഡല്‍ ജേത്രി ഫ്രാന്‍സിന്റെ ബെറജെറ ഷൂച്ചിനെയാണ് അട്ടിമറിച്ചത്.

2008ലെ യൂറോപ്യന്‍ ചാംപ്യനായ ഫ്രഞ്ച് താരത്തിനെതിരെ 6-0 നാണ് ദീപിക തകര്‍ത്തത്. കഴിഞ്ഞ തവണ എഡിന്‍ബറൊയില്‍ നടന്ന ലോകകപ്പില്‍ ദീപിക പങ്കെടുത്തിരുന്നെങ്കിലും മെഡല്‍ ലഭിച്ചിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് ദുബായില്‍ വച്ച് നടന്ന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ദോള ബാനര്‍ജിയാണ് ലോകകപ്പിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏക സ്വര്‍ണമെഡല്‍ ജേതാവ്.