മുംബൈ: ‘റേസ് 2 ‘എന്ന ഹിന്ദി ചിത്രത്തില്‍  നിന്നും ദീപിക പദുക്കോണ്‍ അവസാന നിമിഷം പിന്‍മാറിയതില്‍ നിര്‍മ്മാതാവ് രമേഷ് തരുണി അസ്വസ്ഥനാണ്. എന്നാല്‍ അതില്‍ ഒരു കുറ്റബോധവും ഇല്ലെന്ന മട്ടാണ് ദീപികയ്ക്ക്‌.

താന്‍ ഷൂട്ടിംഗിനായി അവരെ വിളിച്ചപ്പോള്‍ അവര്‍ ഡേറ്റ് തന്നതാണ് .എന്നാല്‍ മുന്‍കൂട്ടി സൂചനയൊന്നും തരാതെ അവര്‍ അവസാന നിമിഷം പിന്‍മാറുകയായിരുന്നെന്ന് രമേശ് തരുണി ആരോപിച്ചു.

‘അതില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുക പോലും ചെയ്തില്ല. ഞങ്ങള്‍ അവരെ പോയി കണ്ടപ്പോള്‍ ഞങ്ങള്‍ പറയുന്നതു പോലും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ സിനിമ ലോകത്ത് സജീവമാണ്. നിരവധി നല്ല സിനിമകള്‍ നിര്‍മ്മിക്കാനും അതിന്റെ ഭാഗമാകാനും എനിയ്ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാലും ഇത്തരത്തിലൊരു സാഹചര്യം എന്റെ ജീവിതത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല’.

അവരുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ല. ടിപ്‌സ് എന്ന എന്റെ പ്രൊഡക്ഷന്‍ കമ്പനിയ്ക്ക് ഇതുവരെ ഒരു താരവുമായി സ്വരച്ചേര്‍ച്ച ഉണ്ടായിട്ടില്ല. ബോളിവുഡിലെ മിക്ക താരങ്ങളും ഞങ്ങളുടെ പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. ഞങ്ങളുമായി സഹകരിക്കുന്നതില്‍ ഇതുവരെ ആരും വീഴ്ച വരുത്തിയിട്ടില്ലെന്നും തരുണി വ്യക്തമാക്കി.

‘ഒരാഴ്ചത്തെ ഡേറ്റ് ആണ് ‘റേസ് 2′ വിനായി ചോദിച്ചത്. അത് അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ എനിയ്ക്ക് തന്ന വാക്ക് പാലിക്കാതെ അവര്‍ മറ്റൊരു ഹോളിവുഡ് ചിത്രത്തിന് ഡേറ്റ് കൊടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 27 ന് ആളുകള്‍ എന്നെ വിളിച്ചു ചോദിച്ചു ദീപിക റേസ് 2 വില്‍ നിന്നും പിന്‍മാറിയോ എന്ന് അപ്പോഴും എനിയ്ക്ക് ഒന്നും മനസ്സിലായില്ല.ഞാന്‍ ഉടന്‍ തന്നെ അവരെ വിളിച്ച് കാര്യമന്വേഷിച്ചു. എന്നാല്‍ വൈകീട്ട് ഓഫീസില്‍ വന്നു കാണാമെന്ന് പറഞ്ഞെങ്കിലും വന്നത് അവരുടെ മാനേജരാണ്. ദീപികയ്ക്ക് വലിയൊരു ഹോളിവുഡ് സിനിമ ചെയ്യാനുണ്ടെന്നും ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.’-തരുണി വ്യക്തമാക്കി.