എഡിറ്റര്‍
എഡിറ്റര്‍
മഞ്ജവിന്റെ കടന്നു വരവ് അതിശക്തമായ ഒരു രാഷ്ട്രീയം ഉള്‍പ്പേറുന്നുണ്ട്; ജനാധിപത്യ രാഷ്ട്രത്തില്‍ വ്യക്തിക്കുണ്ടാകേണ്ട രാഷ്ട്രീയം: ദീപാനിശാന്ത്
എഡിറ്റര്‍
Friday 17th February 2017 10:41pm

 

തൃശ്ശൂര്‍: ആമിയില്‍ അഭിനയിക്കാനുള്ള മഞ്ജുവാര്യറുടെ തീരുമാനത്തെ പിന്തുണച്ചും തീരുമാനത്തെ ന്യായികരിച്ചും ദീപാ നിശാന്ത്. വിദ്യാബാലന് ഉപേക്ഷിക്കേണ്ടി വന്ന വേഷത്തിലേക്ക് മഞ്ജുവാര്യറുടെ കടന്ന് വരവ് അതിശക്തമായ രാഷ്ട്രീയം ഉള്‍പ്പേറുന്നുണ്ടെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഉണ്ടാകേണ്ട രാഷ്ട്രീയം തന്നെയാണ് അതെന്നും ദീപാനിശാന്ത് പറഞ്ഞു.


Also read ട്രാന്‍സ്‌ജെന്‍ഡേര്‍ഴ്‌സിന്റെ ജീവിതം തുറന്നു കാട്ടിയ കിര്‍ത്തിക ഉദയനിധിയുടെ വീഡിയോ സോങ് വൈറലാകുന്നു 


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപാനിശാന്ത് മഞ്ജുവിനെ പിന്തുണച്ചും നിലപാടുകളെ ന്യായീകരിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഒരു അഭിനേത്രി ഏതെങ്കിലും കഥാപാത്രം സ്വീകരിക്കുമ്പോള്‍ അതില്‍ വ്യക്തിപരമായ ഗുണദോഷങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും മറിച്ചാണെങ്കില്‍ ടി.ജി.രവിയും ജോസ്പ്രകാശും എം.എന്‍.നമ്പ്യാരും ശ്വേതാമേനോനും കൊച്ചിന്‍ ഹനീഫയുമൊക്കെ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകള്‍ ആ നടീനടന്മാരിലും ആരോപിക്കേണ്ടി വരുമെന്നും പറഞ്ഞു കൊണ്ടാണ് ദീപാ നിശാന്ത് പോസ്റ്റ് ആരംഭിക്കുന്നത്.

വിദ്യാബാലന്റെ പിന്മാറ്റത്തിനു രഷ്ട്രീയവും വര്‍ഗ്ഗീയം പോലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാമെന്നത് ആര്‍ക്കും നിരീക്ഷിക്കാവുന്നതാണെന്ന് ദീപാനിശാന്ത് പറയുന്നു. പിന്മാറാനുള്ള കാരണംവരെ സംവിധായകനോട് പറയാനാകാത്ത വിദ്യയുടെ നടപടിയെകുറിച്ച് നമുക്ക് അഭിപ്രായം പറയാമെങ്കിലും അത് ചോദ്യം ചെയ്യാനുള്ള അര്‍ഹത നമുക്കില്ലെന്നും ഈ സാഹചര്യത്തിലുള്ള മഞ്ജുവിന്റെ കടന്നുവരവിലാണ് പ്രസക്തിയെന്നും ദീപ അഭിപ്രായപ്പെട്ടു.


Related one: എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ: മഞ്ജു വാര്യരോട് ദീപനിശാന്ത് 


താനേറ്റെടുത്ത റോളിന്റെ രാഷ്ട്രീയ മാനങ്ങള്‍ ഇതിനകം തന്നെ മഞ്ജു തീര്‍ച്ചയായും തിരിച്ചറിഞ്ഞിട്ടുണ്ടാകും. എന്നിട്ടും അവര്‍ക്കതിനെ പ്രത്യക്ഷമായിത്തന്നെ നിഷേധിക്കേണ്ടി വരുന്നതും തന്റെ രാജ്യസ്‌നേഹവും മതേതരത്വവും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പ്രതികരിക്കേണ്ടി വരുന്നതും അവരുടെ മേല്‍ വന്നു വീണേക്കാവുന്ന ഭീഷണികളുടെ സാധ്യതകളെക്കൂടി മുന്‍നിര്‍ത്തിയാവണെമന്നും പറഞ്ഞ ദീപ ആ സാധ്യതകളുടെ പ്രതിരോധത്തിലേക്ക് എന്റേതായ എളിയ കൈ കൂടി നീട്ടുകയാണെന്നും ആമിയെ കാത്തിരിക്കുകയാണെന്നും പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘സാധാരണ ഗതിയില്‍ ഒരു അഭിനേത്രി ഏതെങ്കിലുമൊരു കഥാപാത്രം സ്വീകരിക്കുമ്പോള്‍ അതില്‍ വ്യക്തിപരമായ ഗുണദോഷങ്ങള്‍ക്ക് ഒട്ടും പ്രസക്തിയില്ല. അങ്ങനെയാണ് എങ്കില്‍ ടി.ജി.രവിയും ജോസ്പ്രകാശും എം.എന്‍.നമ്പ്യാരും ശ്വേതാമേനോനും കൊച്ചിന്‍ ഹനീഫയുമൊക്കെ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകള്‍ ആ നടീനടന്മാരിലും ആരോപിക്കേണ്ടി വരും.
ആത്യന്തികമായി അഭിനയം ഒരു തൊഴില്‍ മാത്രമാണ്. (ആത്മസംതൃപ്തിയുടെ തലങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ!). തൊഴിലിന്റെ തെരഞ്ഞെടുപ്പ് ആ തൊഴില്‍ ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണ്. അതു കൊണ്ടു തന്നെ ഒരു നടി / നടന്‍ ഏതു റോള്‍ സ്വീകരിക്കണം, ഏത് റോള്‍ വേണ്ടെന്നു വെക്കണമെന്നത് അയാളുടെ തീരുമാനമാണ്. അതില്‍ കൈകടത്താനുള്ള അധികാരം മറ്റാര്‍ക്കുമില്ല.
എല്ലാറ്റിലും ബാധകമായ പൊതുനിയമങ്ങള്‍ എവിടെയും സാധ്യമല്ലെന്നിരിക്കേ ചില സവിശേഷസന്ദര്‍ഭങ്ങള്‍ വ്യത്യസ്തമായ ഒരു വായന ആവശ്യപ്പെടുന്നുണ്ട്. അത്തരമൊരു സന്ദര്‍ഭത്തിലാണ് വിദ്യാബാലന്റെ പിന്മാറ്റവും മഞ്ജുവാര്യരുടെ കടന്നുവരവുമൊക്കെ വലിയ ചര്‍ച്ചയാവുന്നതും..
വിദ്യാബാലന്‍ എന്ന പ്രശസ്ത നടി ഏറ്റെടുത്തിരുന്ന ,അവര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഒരു റോള്‍, അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നതില്‍ രാഷ്ട്രീയവും വര്‍ഗ്ഗീയം പോലുമായ സമ്മര്‍ദ്ദങ്ങളുണ്ടാകാം എന്നത് സാമാന്യ നിരീക്ഷണശീലമുള്ള ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ആ പിന്‍വാങ്ങലിനെക്കുറിച്ച് സിനിമയുടെ സംവിധായകനോട് തൃപ്തികരമായ ഒരു കാരണം പറയാന്‍ പോലും അവര്‍ക്ക് സാധിക്കാതിരിക്കുന്നത് വിദ്യാബാലന്റെ കാപട്യമായിട്ടല്ല.മറിച്ച് നില നില്‍പ്പിന്റെ ദയനീയതയായിട്ടു തന്നെയാണ് കാണേണ്ടതും. പലതരം നിശബ്ദമാക്കലുകളുടേയും വിലക്കുകളുടേയും ഭീഷണിപ്പെടുത്തലുകളുടേയും രാഷ്ട്രീയ പരിതസ്ഥിതിയില്‍ത്തന്നെയാണ് ഇത്തരം കാര്യങ്ങള്‍ പൊതുജനം വിലയിരുത്തുന്നതും അഭിപ്രായം പറയുന്നതും. ആ അഭിപ്രായം പറയുന്നതിനപ്പുറം, വിദ്യാബാലന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അര്‍ഹതയൊന്നും നമുക്കില്ല. പക്ഷേ ഇത്തരം പിന്‍വാങ്ങലുകള്‍ അവരെപ്പോലുള്ള അഭിനേതാക്കളെ ഒരു സാംസ്‌കാരിക കുറ്റവാളിയുടെ സംശയമുനയില്‍ നിര്‍ത്തുന്നുണ്ട്.
അത്തരമൊരു സാഹചര്യത്തിലാണ് മഞ്ജുവാര്യരുടെ വരവിന്റെ പ്രസക്തി. ഒരു അഭിനേത്രി എന്ന നിലയിലുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടും സംവിധായകനോടുള്ള ആദരപൂര്‍വ്വമായ അടുപ്പം കൊണ്ടും മാത്രമാണ് താനീ റോള്‍ ഏറ്റെടുത്തതെന്നും അതൊരു രാഷ്ട്രീയ പ്രഖ്യാപനമല്ലെന്നും കമലിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷം ചേരലായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ആ തീരുമാനം അതിശക്തമായ ഒരു രാഷ്ട്രീയം ഉള്‍പ്പേറുന്നുണ്ട്. ആ രാഷ്ട്രീയം തന്നെയാണ് ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ വ്യക്തിക്കുണ്ടാകേണ്ടതും. ആ രാഷ്ട്രീയം മഞ്ജുവാര്യര്‍ എന്ന കലാകാരിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമോ ഒരുപക്ഷേ അദൃശ്യം പോലുമോ ആയിരിക്കാം. എന്നു കരുതി അതൊരിക്കലും അത് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ റദ്ദ് ചെയ്യുന്നില്ല.
ജീവിതത്തില്‍ സാമൂഹ്യമായ അര്‍ത്ഥത്തില്‍ ധീരവും വ്യക്തിപരമായ തലത്തില്‍ ചുരുങ്ങിയത് വിമതമെങ്കിലുമായ നിലപാടുകള്‍ എടുത്തിട്ടുള്ള വ്യക്തിയാണ് മഞ്ജുവാര്യര്‍.. ഏറ്റവും അര്‍ത്ഥവത്തായി തന്റെ സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന മഞ്ജു വലിയൊരു രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് മഞ്ജു പോലും തിരിച്ചറിയണമെന്നില്ല. നമ്മുടെ സാമൂഹികമായ ഓരോ ഇടപെടലും രാഷ്ട്രീയം തന്നെയാണ്.
താനേറ്റെടുത്ത റോളിന്റെ രാഷ്ട്രീയ മാനങ്ങള്‍ ഇതിനകം തന്നെ മഞ്ജു തീര്‍ച്ചയായും തിരിച്ചറിഞ്ഞിട്ടുണ്ടാകും. എന്നിട്ടും അവര്‍ക്കതിനെ പ്രത്യക്ഷമായിത്തന്നെ നിഷേധിക്കേണ്ടി വരുന്നതും, തന്റെ രാജ്യസ്‌നേഹവും മതേതരത്വവും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പ്രതികരിക്കേണ്ടി വരുന്നതും അവരുടെ മേല്‍ വന്നു വീണേക്കാവുന്ന ഭീഷണികളുടെ സാധ്യതകളെക്കൂടി മുന്‍നിര്‍ത്തിയാവണം. ആ സാധ്യതകളുടെ പ്രതിരോധത്തിലേക്ക് എന്റേതായ എളിയ കൈ കൂടി നീട്ടുകയാണ് ഞാന്‍ ചെയ്തത്… അതിനെ വ്യാഖ്യാനിച്ച് മറ്റര്‍ത്ഥതലങ്ങളൊന്നും ആരും കല്‍പ്പിക്കേണ്ടതില്ല…..
പ്രിയപ്പെട്ട മഞ്ജൂ….. വീണ്ടും സ്‌നേഹാഭിവാദ്യങ്ങള്‍ ….
ആമിയെ കാത്തിരിക്കുന്നു ….ഏറെ പ്രതീക്ഷയോടെ….’

Advertisement