ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ മുന്നേറ്റം സൃഷ്ടിക്കാനായി എം.ജി.ആറിന്റെയും അമ്മയുടെയും പേരുമായി ദീപ ജയകുമാറിന്റെ പുതിയ പാര്‍ട്ടി. ‘എം.ജി.ആര്‍ അമ്മ ദീപ പേരൈവ’ എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ജയലളിതയുടെ 69ാം ജന്മദിനമായ ഇന്നു നടന്നു.


Also read പഞ്ചാബിനും ഗോവയ്ക്കും ശേഷം ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ് ഛത്തിസ്ഗണ്ഡ് എന്നിവിടങ്ങളിലേക്ക് ശ്രദ്ധതിരിച്ച് ആം ആദ്മി


അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ദീപയുട പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപനവേളയില്‍ ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്നും ദീപ അവകാശപ്പെട്ടു. എ.ഐ.എ.ഡി.എം.കെയെ ഗൂഢാലോചന സംഘത്തിന്റെ കൈയില്‍ നിന്നും മോചിപ്പിക്കുമെന്നും വിശ്വാസവഞ്ചകരുടെ സംഘമാണ് ഇപ്പോഴത്തെ സര്‍ക്കാരിന് പിന്നിലുള്ളതെന്നും ദീപ വിമര്‍ശനമുന്നയിച്ചു.

വിശ്വാസവഞ്ചകരുടെ സംഘത്തെ പുറത്താക്കാന്‍ അക്ഷീണം പ്രയത്‌നിക്കും. തമിഴ്നാട്ടില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടു. ജയലളിതയുടെ സ്വപ്നപദ്ധതികള്‍ പൂര്‍ത്തിയാക്കാനായി താന്‍ പോരാട്ടം തുടരു’മെന്നും ദീപ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും അനുയായികളും ദീപയുടെ പാര്‍ട്ടിയുമായി സഹകരിക്കുമോ എന്നതാണ് ദേശീയ രാഷ്ടീയം ഇപ്പോള്‍ നോക്കുന്നത്.

നിലവിലെ സര്‍ക്കാരിനെ വിമര്‍ശിച്ച ദീപ മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി ജനങ്ങള്‍ ആഗ്രഹിക്കുന്നയാളല്ലെന്നും പളനിസ്വാമി മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലെന്നുമായിരുന്നു ദീപയുടെ വിമര്‍ശനം. ശശികലാ വിഭാഗം ഇത്തരത്തില്‍ പാര്‍ട്ടി പിടിച്ചെടുത്തത് ശരിയല്ലെന്നും ദീപ പറഞ്ഞു.