എഡിറ്റര്‍
എഡിറ്റര്‍
വി.ടി ബല്‍റാമിന്റെ പ്രസ്താവന അനവസരത്തിലെന്ന് ഡീന്‍ കുര്യാക്കോസ്
എഡിറ്റര്‍
Monday 17th March 2014 12:32pm

deen-kuryakose

ഇടുക്കി: വി.ടി ബല്‍റാം എം.എല്‍.എയുടെ ‘നികൃഷ്ടജീവി’ പ്രയോഗത്തിനെതിരെ ഇടുക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായ ഡീന്‍ കുര്യാക്കോസ് രംഗത്ത്.

ബല്‍റാമിന്റെ പ്രസ്താവന അനവസരത്തിലായി എന്നാണ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇടുക്കി രൂപതയുമായി കോണ്‍ഗ്രസിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും മാധ്യമങ്ങളില്ലാത്തപ്പോള്‍ ബിഷപ്പുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ത്തുവെന്നും ഡീന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തിലായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നത് കഷ്ടമാണെന്നാണ് ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇത് പിന്നീട് വിവാദമാവുകയായിരുന്നു.

കഴിഞ്ഞ ദിവസം ബല്‍റാമിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഇതും ഡീനിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് സൂചന.

അതേസമയം വി.ടി ബല്‍റാമിന്റേത് രാാഷ്ട്രീയ  പാപ്പരത്തമാണെന്നും രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും ഇടുക്കി രൂപതാ വക്താവ് അഭിപ്രായപ്പെട്ടിരുന്നു.

ജനപ്രതിനിധികള്‍ക്കെതിരെ പ്രതികരിക്കരുതെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഡീന്‍ കുര്യാക്കോസിനോട് ബിഷപ്പ് പറഞ്ഞത് ബിഷപ്പിന്റെ അഭിപ്രായമാണ്. വോട്ട് തേടാനെത്തുന്ന രക്ഷകനെയും ശിക്ഷകനെയും ജനം തിരിച്ചറിയും- എന്നീ കാര്യങ്ങളും ഇടുക്കി രൂപതാ വക്താവ് പറഞ്ഞിരുന്നു.

Advertisement