Administrator
Administrator
‘ഡി കണ്‍സ്ട്രക്ടിങ് ഇന്ത്യ’ ബഹിഷ്‌കരിക്കുമെന്ന് കലാകാരന്‍മാര്‍
Administrator
Wednesday 3rd August 2011 1:21pm

n-pushpamalaന്യൂദല്‍ഹി: ഇസ്രയേലില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ കലകളുടെ പ്രദര്‍ശന ചടങ്ങ് ഇന്ത്യന്‍ കലാകാരന്മാര്‍ ബഹിഷ്‌കരിക്കുന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ കലാകാരന്‍മാരുടെ നടപടി.  ഇന്ത്യയെ അപനിര്‍മ്മിക്കുന്നു (Deconstructing India) എന്ന പേരില്‍ 2012ല്‍ തെല്‍അവീവില്‍ നടത്താനിരിക്കുന്ന പരിപാടി ബഹിഷ്‌കരിക്കുന്നതായാണ് ഇന്ത്യന്‍ കലാകാരന്മാര്‍ പ്രഖ്യാപിച്ചത്. എന്‍. പുഷ്പമാലയുടെ നേതൃത്വത്തില്‍ നളിനി മാലിനി, അനിതാ ഡുബെ, അമര്‍ കന്‍വര്‍, സാക്ഷി ഗുപ്ത എന്നിവരാണ് കലാപരിപാടി ബഹിഷ്‌കരിക്കുന്നതായി അറിയിച്ചത്.

2004 ല്‍ ഫലസ്തീനിലെ ഒരു വിഭാഗം ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷണന്മാരും ആരംഭിച്ച സാസ്‌കാരിക നിസ്സഹകരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് കലാകാരന്മാര്‍ ഇസ്രയേലിലെ കലാപരിപാടികള്‍ ബഹിഷ്‌കരിച്ചത്. അതേസമയം ലോകത്തിലെ മുന്‍ നിര എഴുത്തുകാര്‍, സിനിമാ നിര്‍മ്മാതാക്കള്‍, സംഗീതഞ്ജര്‍, അഭിനേതാക്കള്‍ തുടങ്ങിയവര്‍ കാംപയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യയിലെ പ്രമുഖ കലാകാരന്‍മാര്‍ പ്രഖ്യാപിച്ചതോടെ പരിപാടിയില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന മറ്റു കലാകാരന്മാര്‍ പ്രതിസന്ധിയിലായിരിക്കയാണ്. ഇസ്രയേലിലെ പരിപാടിയില്‍ നിന്നും വിട്ട് നിന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കില്ലെന്ന് ഒരു വിഭാഗം കലാകാരന്മാര്‍ വാദിക്കുന്നു. സാംസ്‌കാരിക പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് ഇവരുടെ അഭിപ്രായം.

അതേസമയം ‘ഇന്ത്യന്‍ ശിഥിലീകരണം’ തന്നെ ഒരു രാഷ്ട്രീയ പ്രാധാന്യമുള്ള പരിപാടിയാണെന്ന് കലാകാരി എന്‍. പുഷ്പമാല ചൂണ്ടിക്കാണിക്കപ്പെടുന്നു. കോളനിവത്കരണത്തെക്കുറിച്ചും ഇന്ത്യാ വിഭജനത്തെക്കുറിച്ചും ഇസ്രയേല്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തെക്കുറിച്ചുമൊക്കെയാണ് ‘ഇന്ത്യന്‍ ശിഥിലീകരണം’ പറയുന്നതെന്നും അതിനാല്‍ രാഷ്ട്രീയം കര്‍ത്തരുതെന്ന വാദത്തില്‍ കഴമ്പില്ലെന്നും അവര്‍ പറയുന്നു.

ദല്‍ഹിയിലെ ഫലസ്തീന്‍, ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കലാ-സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കലും പരസ്പരമുള്ള വിശ്വാസം ഉയര്‍ത്തലുമാണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥനായ ഡേവിഡ് ഗോള്‍ഡ് ഫാര്‍ബ് വ്യക്തമാക്കി. ജനാധിപത്യ സമൂഹത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് ഒന്നിനെയും വേണ്ടെന്ന് വെയ്ക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന് അതിന്റെ ഏറ്റവും ആവിശ്യമായ അവകാശങ്ങള്‍ പോലും ഇസ്രയേല്‍ നല്‍കുന്നില്ലെന്ന് ഫലസ്തീന്‍ എംബസി വക്താവായ സുഹൈര്‍ ഹംദുല്ല സൈദ് വ്യക്തമാക്കി. ഇന്ത്യ ഫലസ്തീനെ പിന്തുണക്കുന്നുവെന്നത് എന്നത് വിവാദമാക്കേണ്ട കാര്യമില്ല. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികള്‍ വരെ ഇസ്രയേലിനെ ബഹിഷ്‌കരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement