E P Rajahopalan

ഹസ്തദാനം / ഇ.പി.രാജഗോപാലന്‍

Subscribe Us:

രാമകൃഷ്ണനെ ഉത്സാഹത്തിന്റെ ഭാവവുമായാണ് എപ്പോഴും കാണാറ്. അരക്കയ്യന്‍ ഷര്‍ട്ട്-പരുത്തിയുടേത്. ഒറ്റമുണ്ട്-പരുക്കന്‍. ചെരിപ്പിടില്ല. ക്ഷൗരം രണ്ടാഴ്ചയിലൊരിക്കല്‍. ആഹാര്യത്തിലെ അസാധാരണത്വം രാമകൃഷ്ണന്‍ കല്പിച്ചു കൂട്ടിയുണ്ടാക്കുന്നതല്ല. അതുതന്നെയാണ് രാമകൃഷ്ണന്‍. നേര്‍വരകളില്ലാത്ത ഒരു ലോകത്ത് നേര്‍വരകളുണ്ടെന്ന് കരുതുകയും ആ വരകള്‍ക്കൊപ്പം സ്വന്തം ജീവിതം നീക്കുകയും ചെയ്യുന്നയാള്‍ എന്ന് രാമകൃഷ്ണനെ നിര്‍വചിക്കാം. ജന്തുശാസ്ത്രത്തിലാണ് ബിരുദമെടുത്തത്. ജോലി ചെയ്യുന്നത് റവന്യുവകുപ്പില്‍. ഇതിന്റെ പൊരുത്തക്കേട് സ്വന്തമായ ചില യുക്തികള്‍കൊണ്ട് രാമകൃഷ്ണന്‍ മാറ്റിത്തീര്‍ക്കും.

ആദര്‍ശങ്ങള്‍കൊണ്ട് ജീവിതം ചിട്ടപ്പെടുത്താന്‍ നോക്കുകയും അതില്‍ ഒരു നല്ല പരിധിവരെ മുന്നേറുകയും സ്വാഭാവികമായും കടുത്ത ഒറ്റപ്പെടലിന് ഇരയാവുകയും ചെയ്ത തന്റെ പ്രൊഫസര്‍ രാമകൃഷ്ണനെ കോളേജാനന്തരനാളുകളിലും സ്വാധീനിച്ചുകൊണ്ടിരുന്നു. പ്രൊഫസറെ കിറുക്കനെന്നും ജീവിക്കാനറിയാത്തവനെന്നും ശല്യക്കാരനെന്നും അരാഷ്ട്രീയനെന്നും വിളിക്കുന്നവര്‍ ഒരുപാടുണ്ടായിരുന്നു.

ഒരു ദിവസം, നീണ്ടകാലത്തെ പിണക്കത്തിനുശേഷം ഭാര്യ പ്രൊഫസറെ ഉപേക്ഷിച്ചപ്പോള്‍ സ്വന്തം തീര്‍പ്പുകള്‍ ജയിച്ചുവെന്ന് കണ്ട് അവര്‍ ഗൂഢമായും പരസ്യമായും സന്തോഷിച്ചു. ഇതൊന്നും രാമകൃഷ്ണന്റെ ആരാധനയ്ക്ക് കുറവു വരുത്തിയില്ല. സത്യം മാത്രം പറയുക, ആ സത്യം സ്വന്തം ദൃഢവിശ്വാസത്തിന്റെ വാക്കായിത്തീരുക എന്നീ തീരുമാനങ്ങള്‍ രാമകൃഷ്ണനെയും ഒരര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടവനാക്കുന്നുണ്ട്.

Majini's art

എന്നാല്‍ അതില്‍ അയാള്‍ക്ക് വിഷമമുള്ളതായി തോന്നുന്നില്ല. ലോകത്തിന്റെ പൊതുഭാവങ്ങളോടും ഇച്ഛകളോടും അടുപ്പം കാട്ടാതെ ജീവിക്കുന്നവര്‍ക്ക് പൊതുവേ ഒരുതരം വൈരാഗ്യബോധം വളരാറുണ്ട്. താന്‍ മാത്രം ശരി എന്ന തോന്നലും സര്‍വ്വതിനോടുമുള്ള പുച്ഛവുമാവും ഇവരുടെ സാമൂഹ്യബോധത്തിന്റെ സംഗ്രഹം. രാമകൃഷ്ണന്റെ സവിശേഷത ഈ പതനത്തില്‍നിന്ന് താന്‍ ആഹ്ലാദകരമാംവിധം അകന്നുനില്‍ക്കുന്നുവെന്നതാണ്. തനിക്ക് ശരിയെന്ന് തോന്നുന്നത് താന്‍ ചെയ്യുന്നു; താനതേ ചെയ്യുകയുള്ളൂ. എന്നാല്‍ ലോകത്തെ മുഴുവന്‍ പിഴച്ചതെന്ന് വിളിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. ലോകവുമായി സംവദിക്കാനുള്ള ഭാഷ രാമകൃഷ്ണന് ഒരു വേളയിലും നഷ്ടപ്പെടുന്നില്ല.

രാമകൃഷ്ണന്‍ സ്വയം ഒരു ഉന്നതപീഠത്തില്‍ പ്രതിഷ്ഠിതനായിട്ടില്ല. ലോകഗതിയില്‍ കടുത്ത പ്രതിഷേധമുണ്ടെങ്കിലും മറ്റു മനുഷ്യരൊക്കെ കൊള്ളരുതാത്തവരാണെന്ന അശുഭചിന്ത അയാളെ ദംശിച്ചിട്ടില്ല. അതിനാല്‍ രാമകൃഷ്ണന്‍ കാല്പനികനല്ല. എല്ലുറപ്പുള്ള യാഥാര്‍ത്ഥ്യബോധമാണ് അയാളുടെ പ്രത്യയശാസ്ത്രം.

രാമകൃഷ്ണന്‍ മറ്റു ഗുമസ്ഥന്മാരെപ്പോലെ പതിമൂന്നാമത്തെ മാസത്തെ ശമ്പളം അവകാശപ്പെട്ടില്ല. അതിനാല്‍ എലിജിബ്ള്‍ ലീവ് മുഴുവനായും വര്‍ഷംതോറും അയാളുടെ ഉദ്യോഗപ്പുസ്തകത്തില്‍ വന്നുകൊണ്ടിരുന്നു. സറണ്ടര്‍ ചെയ്യാനുള്ള (കീഴടങ്ങാനുള്ള) സഹജമായ വൈമനസ്യംകൊണ്ടല്ല, ചെയ്യാത്ത ജോലിക്കുള്ള ശമ്പളം വേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഈ നിലപാട്. ലീവ് സറണ്ടര്‍ ചെയ്ത് പണം പറ്റുന്ന സഹപ്രവര്‍ത്തകരെ രാമകൃഷ്ണനിലെ ആദര്‍ശവാദി പരിഹസിച്ചില്ല. തന്റെ രീതിയിലുള്ള വിടാവിശ്വാസത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു ഈ സഹനശീലവും.

രാമകൃഷ്ണന്‍ മുപ്പത്തിയൊന്നാം വയസ്സിലാണ് കല്യാണത്തിനൊരുങ്ങിയത്. കുറേ സ്ഥലത്തൊന്നും പെണ്ണുകാണാന്‍ പോവില്ല- ആദ്യം കാണുന്ന പെണ്ണിനെ തന്നെ വിവാഹം ചെയ്യും എന്നതായിരുന്നു അയാളുടെ ഉറച്ച തീരുമാനം. വധുവിനെപ്പറ്റിയുള്ള സങ്കല്പങ്ങളൊന്നും അയാളില്‍ പട്ടികാരൂപത്തില്‍ വളര്‍ന്നുവന്നിരുന്നില്ല.

ഒരു പെണ്ണിനെ കണ്ട്, സംസാരിച്ച്, അവളെ വേണ്ട, വേറെ നോക്കാം എന്ന് പറയുന്നത് ഒരു വ്യക്തിത്വത്തെ അപമാനിക്കലാണ് എന്ന് രാമകൃഷ്ണന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. അതിനാല്‍ അവര്‍ ഒരിടത്തേക്ക് അയാളെ കൊണ്ടുപോയത് നല്ല മുന്‍വിചാരത്തോടെയുമായിരുന്നു. വഴിക്കുവെച്ച് രാമകൃഷ്ണന്‍ തന്റെ തീരുമാനത്തിന്റെ കാര്യം ഒരിക്കല്‍കൂടി അവരോട് പറഞ്ഞു. എന്നാല്‍ ആ തീരുമാനം രാമകൃഷ്ണന് നടപ്പാക്കാനായില്ല. ആ കഥപറയാനാണ് ഈ കുറിപ്പെഴുതുന്നത്. തന്റെ തീരുമാനത്തില്‍നിന്ന് പിന്മാറിയത്, പക്ഷേ, രാമകൃഷ്ണന്റെ ആദര്‍ശവെളിച്ചം കെടുത്തിയുമില്ല. അങ്ങനെയാണ് ആ കഥ.Majini's art and drawing for E P Rajagopalan's column Hasthadanam തീരുമാനങ്ങള്‍

വൈകുന്നേരം മൂന്നരമണിയോടെയാണ് രാമകൃഷ്ണന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. രണ്ടുബന്ധുക്കള്‍ കൂടെയുണ്ടായിരുന്നു. പഴയൊരു വീടായിരുന്നു. അച്ഛന്‍ കൃഷി നടത്തിയിരുന്നു. അമ്മ വീട്ടമ്മ. പെണ്ണ് ബി.എ ബി.എഡ് ബിരുദങ്ങളുള്ളവള്‍. ഹൈസ്‌കൂള്‍ ടീച്ചറുടെ ഒരു പി.എസ്.സി പരീക്ഷയെഴുതിയിട്ടുണ്ട്. റാങ്ക്‌ലിസ്റ്റില്‍പേരുമുണ്ട്-നാലാമതായോ മറ്റോ. രാമകൃഷ്ണന്‍ പെണ്ണിനെ കാണുന്നു-സംസാരിക്കുന്നു-മടങ്ങുന്നു. തീരുമാനത്തില്‍ മാറ്റമില്ല: ആദ്യം കണ്ട പെണ്ണിനെതന്നെ വിവാഹം ചെയ്യും. വിവാഹതീയ്യതിപോലുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടായിരുന്നു മടക്കയാത്ര.

ഒരു കുന്നിന്‍ ചെരുവിലാണ് വീട്. വാഹനം വീട്ടിലേക്ക് പോവില്ല. റോഡില്‍ നിര്‍ത്തി നടന്നായിരുന്നു വീട്ടിലെത്തിയത്. മടങ്ങിവരവെ, എങ്ങനെയോ രാമകൃഷ്ണന്‍ കണ്ട കുട്ടിയുടെ ചേച്ചിയുടെ കാര്യം സംസാരവിഷയമായി. അവള്‍ക്ക് മുപ്പതുവയസ്സായി. അധികം പഠിപ്പില്ല. അനുജത്തിയുടെ അത്ര ഭംഗിയുമില്ല-അതുകൊണ്ടുതന്നെ പ്രസന്നതയും കുറവ്. അടുക്കളതന്നെ ആണ് തന്റെ ഭാവിയിലേയും ലോകം എന്ന് അവളും ബന്ധുക്കളും കരുതിവരുന്നു. ഇത്രയും കാര്യങ്ങള്‍ രാമകൃഷ്ണന്‍ നടത്തത്തിനിടയില്‍ മനസ്സിലാക്കി.

അയാള്‍ ആ ആഖ്യാനം വെറുതേ കേള്‍ക്കുക മാത്രമായിരുന്നു. അതവസാനിച്ചതും രാമകൃഷ്ണന്‍ പറഞ്ഞു ‘നമുക്ക് ആ വീട്ടിലേക്ക് ഒന്നു കൂടിപോകാം’.

‘എന്തിനാണ്?’ കൂടെയുള്ളവരില്‍ ഒരാള്‍ അമ്പരപ്പോടെ ചോദിച്ചു.

രാമകൃഷ്ണന്റെ മറുപടിയില്‍ ഒട്ടും നാടകീയ സ്വരമുണ്ടായിരുന്നില്ല. അയാള്‍ പറഞ്ഞു: ”ഇപ്പോ കണ്ട കുട്ടിക്ക് സൗന്ദര്യമുണ്ട്-വിദ്യാഭ്യാസമുണ്ട്- ജോലി കിട്ടാനിരിക്കുന്നു. അവളുടെ കല്യാണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അതുപോലെയല്ല അവളുടെ ചേച്ചി. ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോളാം.” ഇക്കാര്യം രാമകൃഷ്ണന്‍ തന്നെയാണ് അവളുടെ അച്ഛനോട് പറഞ്ഞത്.

ആ വാക്കുകളിലെ സരളത കൊണ്ടാവണം ആര്‍ക്കും അപാകം തോന്നിയില്ല. രാമകൃഷ്ണന്‍ മൂത്തവളെ വിവാഹം ചെയ്തു. തന്റെ വിശ്വാസങ്ങളുടെ കൂടെ അയാള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. താന്‍ നന്മയുടെ ആള്‍രൂപമാണെന്ന വാദമില്ലാതെ, താന്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയാണെന്ന തോന്നലില്ലാതെ, സാധാരണകാര്യങ്ങളാണ് തന്റെത് എന്ന് കരുതിക്കൊണ്ട് രാമകൃഷ്ണന്‍ സമൂഹത്തിന്റെ ഭാഗമായിത്തന്നെ ജീവിച്ചുപോരുന്നു.

E P Rajagopalan, Malayalam Critic, Cultural Essays