എഡിറ്റര്‍
എഡിറ്റര്‍
നിയമനിര്‍മ്മാതാക്കളുടെ തീരുമാനങ്ങളില്‍ അനൗചിത്യം പാടില്ല: സി.ബി.ഐ ഡയറക്ടര്‍
എഡിറ്റര്‍
Monday 11th November 2013 9:14pm

ranjith-sinha

ന്യൂദല്‍ഹി: ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് പെട്ടെന്ന് തീരുമാനങ്ങളെടുക്കേണ്ടത് ആവശ്യമാണെങ്കിലും ഇത്തരം തീരുമാനങ്ങളില്‍ ഉചിതമല്ലാത്തവയോ മര്യാദകേടോ പാടില്ലെന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ.

ക്രിമിനല്‍ കേസുകളില്‍ വ്യക്തമായ തീരുമാനങ്ങളെടുക്കുന്നതിന് പ്രധാനമന്ത്രി തന്നെ തടസം നില്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണിത്.

സി.ബി.ഐയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി വിഭവങ്ങളുടെ ഏറ്റെടുക്കലും വിതരണവും ഇന്ന് ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ വിവാദവിഷയമാണ്. അദ്ദേഹം പറഞ്ഞു.

‘ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തെക്കുറിച്ചും ധൃതഗതിയില്‍ തീരുമാനങ്ങളെടുക്കേണ്ടി വരും. അനൗചിത്യമായതൊന്നും സംഭവിക്കാതെ തീരുമാനങ്ങളെടുക്കുകയെന്നത് നിയമനിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയാണ്.’ അദ്ദേഹം പറഞ്ഞു.

സ്‌പെക്ട്രം, കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങി ഒട്ടേറെ പ്രകൃതിവിഭവങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

മുഖ്യപ്രഭാഷണം നടത്തിയ നിയമമന്ത്രി കപില്‍ സിബലും നേരത്തെ ഇതേ കാര്യം ഉയര്‍ത്തിക്കാട്ടിയിരുന്നു. പ്രകൃതിവിഭവങ്ങളുടെ ചൂഷണവുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ സ്വകാര്യമേഖലയും പൊതുമേഖലയും തമ്മില്‍ കൃത്യമായ അനുപാതം പാലിക്കേണ്ടതുണ്ട്.

‘നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ വഴിവിട്ട പ്രവൃത്തികള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് അഴിമതിവിരുദ്ധ ഏജന്‍സികള്‍ നയങ്ങളെക്കുറിച്ചും അവ നടപ്പില്‍ വരുത്തുന്നതിനെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കണം.’ അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ തന്നെ കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും സ്വഭാവം മാറുന്നതായും അവ കൂടുതല്‍ സങ്കീര്‍ണമാകുന്നതായും രഞ്ജിത് സിന്‍ഹ ചൂണ്ടിക്കാട്ടി.

വിവിധരാജ്യങ്ങളിലായി പടര്‍ന്ന് പന്തലിക്കുന്ന കോര്‍പ്പറേറ്റുകളാണ് സാമ്പത്തികവളര്‍ച്ചയെ പ്രധാനമായും നിയന്ത്രിക്കുന്നത്. അഴിമതി പോലെയുള്ള കാര്യങ്ങളില്‍ ഈ കോര്‍പ്പറേറ്റുകളുടെ പങ്ക് അന്വേഷിക്കുന്നത് ഇന്നത്തെ അന്വേഷകര്‍ക്ക് മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്.

‘കോര്‍പ്പറേറ്റുകളുടെയും സര്‍ക്കാരുകളുടെയും മറ്റും പ്രധാന ആശങ്ക ബൗദ്ധികസ്വത്തവകാശ ലംഘനമാണ്.’ അദ്ദേഹം പറഞ്ഞു.

ആരോപണവിധേയരാകുന്നവര്‍ക്ക് അനധികൃതമായി സമ്പാദിക്കുന്ന സ്വത്ത് വളരെ പെട്ടെന്ന് തന്നെ അതിര്‍ത്തി കടത്താന്‍ സാധിക്കുന്നതാണ് അഴിമതിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ബലഹീനതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘അതിര്‍ത്തിക്കപ്പുറം നീളുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന കാര്യത്തില്‍ എല്ലാ അന്വേഷണസംഘങ്ങളും യോജിക്കുന്നു. എന്നാല്‍ റിസള്‍ട്ടുകള്‍ തൃപ്തികരമല്ല.’ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Advertisement