തിരുവനന്തപുരം: തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററാക്കി മാറ്റാന്‍ എമേര്‍ജിങ് കേരള പദ്ധതിയില്‍ ശുപാര്‍ശ. എട്ട് കോടി രൂപ മുതല്‍ മുടക്കില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുക.

ഏതാണ്ട് 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം പ്രതിവര്‍ഷം ഒരു കോടി രൂപയ്ക്ക് 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് നീക്കം. പാട്ടത്തുകയ്ക്ക് അഞ്ച് വര്‍ഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.

Ads By Google

കുറച്ചുകാലമായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കായിക പരിപാടികള്‍ക്കൊന്നും ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌പോണ്‍സേര്‍ഡ് മെഗാ ഈവന്റുകള്‍ മാത്രം നടക്കുന്ന സ്‌റ്റേഡിയം കണവെന്‍ഷന്‍ സെന്ററാക്കിയാല്‍ സംസ്ഥാനത്തിന്റെ ബിസിനസ് രംഗത്തും ടൂറിസം രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ജനങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും വ്യവസായ വകുപ്പ് പറയുന്നു.

2012ല്‍ കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ പ്രധാന വേദികളിലൊന്നാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം. ദേശീയ ഗെയിംസിനായി ഇവിടെ സിന്തറ്റിക് ട്രാക്ക് അടക്കമുള്ളവ നിര്‍മിക്കുന്നുണ്ട്. നാല് കോടി രൂപ ചെലവില്‍ സിന്തറ്റിക് ട്രാക്ക് ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ച് വരികയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്‌റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററാക്കുന്നത് തെറ്റായ തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു.

1956ലാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം നിര്‍മിച്ചത്. ചാരിറ്റബിള്‍ ആക്ട് പ്രകാരം കേരള പൊലീസ് സര്‍വീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പേരിലാണ് സ്‌റ്റേഡിയം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററാക്കാനുള്ള നിര്‍ദേശം മാത്രമാണ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നും സൂക്ഷ്മപരിശോധനയ്ക്കുശേഷമേ ഇത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.