മുംബൈ: ദുര്‍ബ്ബലരുടെ മല്‍സരത്തില്‍ ഡെക്കാന്‍ ചാര്‍ജ്ജേര്‍സിന് ജയം. തുടര്‍ച്ചയായ രണ്ടുജയത്തിന്റെ കരുത്തില്‍ പ്ലേ ഓഫ് സ്വപ്‌നങ്ങളുമായെത്തിയ പൂനെയെ ആറ് വിക്കറ്റിനാണ് ഡെക്കാന്‍ തോല്‍പ്പിച്ചത്.

മോശം പ്രകടനമായിരുന്നു ആദ്യം ബാറ്റുചെയ്ത പൂനെ കാഴ്ച്ചവെച്ചത്. റെയ്ഡറും (18), പാണ്ഡേയും(23) ആദ്യവിക്കറ്റില്‍ 31 റണ്‍സെടുത്തു. എന്നാല്‍ തുടര്‍ന്നെത്തിയവരെല്ലാം വേഗത്തില്‍ കൂടാരം കയറി. കൊല്‍ക്കത്തയുടെ ദാദ പൂജ്യത്തിനും ഉത്തപ്പ നാലുറണ്‍സിനും മടങ്ങിയതോടെ പൂനെയുടെ സ്‌കോറിംഗ് നിരക്ക് ഇടിഞ്ഞു. ക്യാപ്റ്റന്‍ യുവരാജും (23) മാര്‍ഷും (37) നടത്തിയ പ്രകടനമാണ് ടീം സ്‌കോര്‍ 136ല്‍ എത്തിച്ചത്.

ഐ.പി.എല്ലില്‍ മികച്ച ഫോമിലുള്ള സോഹലും (34) ധവാനും (28) ചേര്‍ന്ന് മികച്ച തുടക്കമാണ് ചാര്‍ജ്ജേര്‍സിന് നല്‍കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സംഗക്കാരയും (25) ഡുമിനിയും (23) ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. നാലുപന്ത് ബാക്കിനില്‍ക്കെയായിരുന്നു ചാര്‍ജ്ജേര്‍സിന്റെ ജയം.

നാലോവറില്‍ 26 റണ്‍സിന് രണ്ടുവിക്കറ്റെടുത്ത അമിത് മിശ്രയാണ് കളിയിലെ താരം. തോല്‍വിയോടെ പൂനെ ഐ.പി.എല്ലിനോട് സലാംപറഞ്ഞു.