ധരംശാല: ഫുളച്ചാര്‍ജ്ജായ ഡെക്കാന്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞതോടെയാണ് മുംബൈക്ക് ശ്വാസം നേരെ വീണത്. പ്ലേ ഓഫ് സ്വപ്‌നങ്ങളുമായെത്തിയ പഞ്ചാബ് തീര്‍ത്തും നിരാശപ്പെടുത്തുന്ന മല്‍സരത്തിനൊടുവിലാണ് ഡെക്കാനോട് 82 റണ്‍സിന് തോറ്റത്.

ടോസ് നേടിയ ഗില്‍ക്രിസ്റ്റ് ഡെക്കാനെ ബാറ്റിംഗിനയച്ചു. എന്നാല്‍ ശിഖര്‍ ധവാന്‍ നടത്തിയ കടന്നാക്രമണത്തില്‍ പഞ്ചാബിന്റെ തന്ത്രങ്ങളെല്ലാം പാളി. 57 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമായി ധവാന്‍ പുറത്താകാതെ നേടിയത്95 റണ്‍സ്. രവി തേജയും (60) കൂട്ടായെത്തിയതോടെ നിശ്ചിത ഓവറില്‍ 198 എന്ന കൂറ്റന്‍ ലക്ഷ്യം പഞ്ചാബിന് മുന്നില്‍വെച്ചു.

കഴിഞ്ഞ മല്‍സരങ്ങളില്‍ മിന്നിത്തിളങ്ങിയ വാല്‍ത്താട്ടിയും ഗില്ലിയും ഇത്തവണയും തുണയ്‌ക്കെത്തുമെന്ന് പഞ്ചാബിന്റെ ആരാധകര്‍ കരുതി. എന്നാല്‍ അഞ്ചു റണ്‍സെടുത്ത് വാല്‍ത്താട്ടി മടങ്ങിയതോടെ തിരിച്ചടികള്‍ക്ക് തുടക്കമായി. ഗില്‍ക്രിസ്റ്റ് (51) ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരാരും തന്നെ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ക്ഷമ കാണിച്ചില്ല.

ഹാട്രിക് അടക്കം നാലുവിക്കറ്റെടുത്ത അമിത് മിശ്രയാണ് ഇത്തവണയും ഡെക്കാനായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. മിശ്ര തന്നെയാണ് കളിയിലെ താരവും. 19 ഓവറില്‍ എല്ലാവരും കൂടാരം കയറുമ്പോള്‍ പഞ്ചാബ് കുറിച്ചത് 116 റണ്‍സ്. ഡെക്കാന് 82 റണ്‍സ് ജയവും മുംബൈക്ക് പ്ലേ ഓഫിലെക്കുള്ള ടിക്കറ്റും.