ലണ്ടന്‍: ഹോളിവുഡ് സിനിമകളില്‍ കണ്ട് ഭയന്ന കഥകള്‍ യാഥാര്‍ഥ്യമാകുമോ?. ഭൂമിക്ക് ഭീഷണിയായി നെമിസിസ് എന്ന അദൃശ്യനായ കുള്ളന്‍ നക്ഷത്രം വരുന്നുവെന്നാണ് ശാസ്ത്ര ലോകം വ്യക്തമാക്കുന്നത്. വ്യാഴത്തിന്റെ അഞ്ചിരട്ടി വലുപ്പമുള്ള ഇതിനെ ശാസ്ത്രജ്ഞര്‍ ‘മരണനക്ഷത്രം’ മെന്നാണ് വിളിക്കുന്നത്. പുരാതന കാലത്ത് ദിനോസറുകളുടെ വംശനാശത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന ഉല്‍ക്കാപതനങ്ങള്‍ക്ക് ശേഷിയുള്ളതാണ് നെമിസിസ് എന്ന നക്ഷത്രമെന്നാണ് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നത്.

യൂറോപ്യന്‍ നിരീക്ഷണകേന്ദ്രത്തിലെ ഗവേഷകരാണ് നക്ഷത്രത്തെ തിരിച്ചറിഞ്ഞത്. എന്നാല്‍ നക്ഷത്രം നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍നിന്ന് 150 പ്രകാശവര്‍ഷം അകലെയാണിപ്പോള്‍ നക്ഷത്രം സ്ഥിതി ചെയ്യുന്നത്.

മഞ്ഞും പാറയും വഹിച്ച് വരുന്ന ഈ നക്ഷത്രങ്ങള്‍ ഭൂമിയിലേക്കു വന്നാല്‍ കൊടിയദുരന്തം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നത്. ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ദൂരദര്‍ശിനിക്ക് നെമിസിസിനെ നേരില്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസാ ഗവേഷകര്‍. 2003ല്‍ മൈക്ക് ബ്രൗ എന്ന ഗവേഷകന്‍ കണ്ടെത്തിയ സേദ്‌ന എന്ന കുള്ളന്‍ നക്ഷത്രമാണ് നെമിസിസിനെ സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയത്.