ഉത്തര്‍പ്രദേശ്: ദുരഭിമാനക്കൊല നടത്തിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി പത്തുപേര്‍ക്ക് വധശിക്ഷ വിധിച്ചു. ഇത്തരം കൊലപാതകം നടത്തുന്നവരെ വധശിക്ഷയ്ക്കു വിധേയരാക്കുമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഇറ്റായിലെ പ്രത്യേക ജഡ്ജി രാജേന്ദ്രബാബു ശര്‍മ പത്തുപേര്‍ക്ക് ശിക്ഷ വിധിച്ചത്.

2008 നവംബര്‍ 13 നാണ് കേസിനാസ്പദമായ സംഭവംനടക്കുന്നത്. ഒളിച്ചോടിയ പെണ്‍കുട്ടിയും കാമുകനുമടക്കം മൂന്നുപേരാണ് വധിക്കപ്പെട്ടത്. ഇവരെ വീട്ടുകാരും മറ്റുംചേര്‍ന്ന് പിടികൂടിയ ശേഷം വെടിവെച്ചുകൊന്നെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും അമ്മാവനും അമ്മാവന്റെ മൂന്നുമക്കളുമടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷയും മറ്റൊരു പ്രതിയ്ക്ക് ഒരുകൊല്ലത്തെ തടവുമാണ് കോടതി വിധിച്ചത്.