എഡിറ്റര്‍
എഡിറ്റര്‍
മാനഭംഗത്തിന് വധശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം
എഡിറ്റര്‍
Saturday 2nd February 2013 8:45am

ന്യൂദല്‍ഹി: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

Ads By Google

രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. സാധാരണഗതിയില്‍ ആറു മാസമാണ് ഓര്‍ഡിനന്‍സിന്റെ കാലാവധി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈമാസം 21ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ ഇരുസഭകളുടെയും അനുമതി തേടും.

വര്‍മ കമ്മിറ്റി നിര്‍ദേശങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് വധശിക്ഷ കൂടി ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

20 വര്‍ഷം വരെ നീളുന്ന ജീവപര്യന്തം തടവാണ് കൂട്ടമാനഭംഗത്തിന് ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മിറ്റി നിര്‍ദേശിച്ച പരമാവധി ശിക്ഷ. പ്രതിക്ക് ഇതില്‍ രണ്ടിലൊന്ന് ഉറപ്പാക്കുന്ന വിധമാണ് ഓര്‍ഡിനന്‍സ്.

സാധാരണ ഗതിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനോടനുബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന പതിവ് ഇല്ല. പുതിയനിയമം പാസാക്കുന്നതിനായി ബജറ്റ് സമ്മേളനം വരെ കാത്തുനില്‍ക്കാതെയാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ 23കാരിയായ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള നിയമനടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ വര്‍മ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

എന്നാല്‍, വധശിക്ഷ വേണ്ടെന്ന അഭിപ്രായമാണ് മൂന്നംഗ കമ്മിറ്റി പ്രകടിപ്പിച്ചത്. അത് മറികടന്നാണ് അത്യപൂര്‍വ സംഭവങ്ങളില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

മാനഭംഗം എന്ന വാക്കിന് പകരം ഓര്‍ഡിനന്‍സില്‍ ലൈംഗികാതിക്രമം എന്ന് ഉപയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെണ്‍കടത്ത്, സ്ത്രീകളെ ശല്യം ചെയ്യല്‍ എന്നിവക്കെതിരായ നടപടികളും ഓര്‍ഡിനന്‍സിന്റെ ഭാഗമാണ്. വിവാഹശേഷമുള്ള ലൈംഗികാതിക്രമങ്ങളും മാനഭംഗത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള വര്‍മ കമ്മിറ്റി നിര്‍ദേശം മന്ത്രിസഭ സ്വീകരിച്ചിട്ടില്ല.

Advertisement