കെയ്‌റോ: വിവാദമായ ഇസ്‌ലാം വിരുദ്ധ സിനിമ ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസി’ന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച  എട്ടുപേര്‍ക്ക് ഈജിപ്തിലെ കോടതി വധശിക്ഷ വിധിച്ചു.

Ads By Google

ഇവരില്‍ ഏഴുപേര്‍ ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യാനികളും ഒരാള്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പാസ്റ്ററുമാണ്. പ്രവാചകനെ നിന്ദിക്കുന്ന സിനിമ മുസ്‌ലിം ലോകത്തിന്റെ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഈജിപ്തില്‍ നടത്തിയ കേസും അതിന്റെ ശിക്ഷയും പ്രതീകാത്മകമാണ്. പ്രതികള്‍ എല്ലാവരും അമേരിക്കയില്‍ ജീവിക്കുന്നവരായതിനാല്‍ ശിക്ഷ നടപ്പാക്കാനാവില്ല. ഈജിപ്ഷ്യന്‍അമേരിക്കന്‍ കോപ്റ്റിക് വിഭാഗമാണ് ഈ ലോ ബജറ്റ് സിനിമ നിര്‍മിച്ചത്.

ഇസ്‌ലാമിനെ പരസ്യമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തതിലൂടെ ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കിയതെന്നും ദേശത്തിന്റെ അഖണ്ഡതക്ക് ഇവര്‍ പരിക്കേല്‍പ്പിച്ചുവെന്നും കുറ്റം ചുമത്തിക്കൊണ്ട് കോടതി വിലയിരുത്തി.

സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മാര്‍ക് ബസേലി യൂസുഫിനെ ഈ മാസം ആദ്യത്തില്‍ കാലിഫോര്‍ണിയ കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചിരുന്നു.

ബാങ്ക് കവര്‍ച്ചാ കേസില്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.