ആലുവ: തമിഴ്ബാലിക നധലക്ഷ്മി പീഡനമേറ്റു മരിച്ച സംഭവം അശ്രദ്ധമായി കൈകാര്യം ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വൈകുന്നു.സംഭവത്തെക്കുറിച്ച് ആലുവ സി.ഐ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും എസ്.പി ഓഫീസില്‍ ലഭിച്ചിട്ടില്ല.

എ.എ.സ്പി റിപ്പോര്‍ട്ട് പരിശോധനക്കായി എടുത്തതായാണ് സൂചന. തുടര്‍ന്ന് അദ്ദേഹം അവധിയിലുമായിരുന്നു.തീപ്പൊള്ളലും മര്‍ദനവുമേറ്റു മരിച്ച കുട്ടിയുടെ മരണകാരണം കരപ്പനാണെന്നു പ്രചരിപ്പിക്കാനും, ഇന്‍ക്വസ്റ്റിനു പോകാന്‍ പ്രതികള്‍ വിട്ടുകൊടുത്ത വാഹനം ഉപയോഗിക്കാനും മടിക്കാട്ടാതിരുന്ന എസ്‌. ഐയ്‌ക്കെതിരായ പരാമര്‍ശം ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇന്‍ക്വസ്റ്റിനു നേതൃത്വം നല്‍കിയിട്ടും യഥാര്‍ത്ഥ മരണകാരണം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ എസ്.ഐ വീഴ്ച വരുത്തിയെന്ന് മാധ്യമപ്രവര്‍ത്തകരുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ സി.ഐ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.