ന്യൂദല്‍ഹി: എയര്‍പോര്‍ട്ടില്‍ തടഞ്ഞ് വെക്കപ്പെട്ട മലയാളി വീട്ട് ജോലിക്കാരിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശ കാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മസ്‌കറ്റിലേക്ക് പുറപ്പെട്ടു. ‘ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ മസ്‌കത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു.

മസ്‌കത്തില്‍ നിന്നും ദോഹ വഴി ചെന്നൈയിലേക്ക് വരുന്നതിനിടെയാണ് മലയാളി യുവതി ബീബി ലുമാദ മരിച്ചത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തോളം അധികൃതര്‍ തടഞ്ഞുവെച്ച യുവതി നെഞ്ചു വേദനയെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസയുമായി ബന്ധപ്പെട്ട് സഹായം തേടിയെങ്കിലും അവര്‍ അവഗണിച്ചുവെന്നാണ് പരാതി. പാസ്‌പോര്‍ട്ട് കാണാതിരുന്നതിനെ തുടര്‍ന്ന് അവരെ ദോഹ എയര്‍ പോര്‍ട്ടില്‍ നിന്നും മസ്‌കത്തിലേക്ക് തിരിച്ചയക്കുകയായിരുന്നു.

നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് യുവതി മരിച്ചത്. മസ്‌കത്തിലെ വീട്ടു ജോലിക്കാരിയുടെ വിസ കാന്‍സല്‍ ചെയ്തതിനാല്‍ അവര്‍ക്ക് തിരിച്ച് മസ്‌കത്തിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

തങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും എംബസി അധികൃതര്‍ യാത്രക്കാരിയെ കാണാന്‍ പോലും തയ്യാറായില്ലെന്ന് ദോഹ എര്‍പോര്‍ട്ട് അധികൃതരും വ്യക്തമാക്കുന്നു.