കൊളംബോ: അവസാന ഓവറുകളിലെ ബോളുകള്‍ എറിയാന്‍ ഇന്ത്യന്‍ ടീം കഷ്ടപ്പെടുന്നതായി ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി. അഫ്ഗാനിസ്ഥാനുമായുള്ള ട്വന്റി-20 മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനെതിരെയുള്ള അവസാന ഓവറുകള്‍ ടീമിനെ ബുദ്ധിമുട്ടിലാക്കിയെന്നും കോഹ്‌ലി പറഞ്ഞു.

‘ടീമിലെ ബൗളിങ് നിര കുറച്ചുകൂടി ശക്തമായതായി തോന്നിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ നല്ല രീതിയില്‍ തന്നെയാണ് ബൗള്‍ ചെയ്തത്. ആദ്യപകുതി വരെ ഞങ്ങളുടെ ബൗളിങ് മികച്ചതായിരുന്നു.

Ads By Google

എന്നാല്‍ അവസാന ഓവറുകള്‍ എറിയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അവസാന ഓവറുകളാണ് റണ്‍സ് ഏറ്റവും കൂടുതല്‍ വാരിക്കൂട്ടുന്നത്. അത് പരമാവധി കുറയ്ക്കാന്‍ സാധിച്ചാല്‍ ടീമിന്റെ വിജയം എളുപ്പമാവും’- കോഹ്‌ലി പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ ഇത്തരത്തിലുള്ള പ്രകടനം പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

‘റാങ്കിങ്ങില്‍ താഴെ നില്‍ക്കുന്ന ടീമാണെന്ന് കരുതി ആരെയും വില കുറച്ച് കാണാന്‍ കഴിയില്ല. അവരെ സംബന്ധിച്ച് തോല്‍വിയെ കുറിച്ച് ബോധവാന്‍മാരാകേണ്ടതില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് നിസാരമായി കളിക്കാനാകും. എന്നാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അതല്ല, റാങ്കിങ്ങില്‍ താഴെയുള്ള ടീമുമായി കളിക്കുമ്പോഴാണ് ടെന്‍ഷന്‍ കൂടുതല്‍’-കോഹ്‌ലി പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ മൂന്ന് ബോള്‍ ശേഷിക്കേ 136 റണ്‍സിന് പുറത്താകുകയായിരുന്നു.