ന്യൂദല്‍ഹി: പെട്രോളിന് പിറകെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യും. കഴിഞ്ഞാഴ്ച എണ്ണക്കമ്പനികള്‍ പെട്രോളിന് മൂന്നു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടുന്നതിനുള്ള നിര്‍ദേശമാണ് ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപസമിതി പരിശോധിക്കുന്നത്.

പാചകവാതകം സിലിണ്ടറിന് 50 രൂപ മുതല്‍ 100രൂപവരെയും ഡീസലിന് രണ്ടുരൂപയും കൂട്ടുന്നതിനുള്ള നിര്‍ദേശമാണ് ഇന്നത്തെ യോഗം പരിശോധിക്കുന്നത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടേയും വില നിശ്ചയിക്കാനുള്ള അധികാരം ഇപ്പോഴും സര്‍ക്കാരിനാണ്. മന്ത്രാലയത്തിന്റെ ശുപാര്‍ശയിന്‍മേല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭാ ഉപസമിതിയാണ്. പാചകവാതകത്തിന്റെ അന്താരാഷ്ട്ര വിലയില്‍ 66% വര്‍ധിച്ചതായി പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

നൂറു രൂപവരെ പാചകവാതകത്തിന് കൂട്ടുന്നത് നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസിന് രാഷ്ട്രീയമായി ദോഷം ചെയ്യും. ഡീസലിന്റെ വിലകൂട്ടുന്നതിന് വിലക്കയറ്റത്തിനു വഴിവെക്കും. പെട്രോളിന്റെ വില നിയന്ത്രണം സര്‍ക്കാരില്‍ നിന്നെടുത്തുമാറ്റിയ ശേഷമുള്ള അഞ്ചാമത്തെ വിലക്കയറ്റമായിരുന്നു കഴിഞ്ഞാഴ്ച നടന്നത്.