തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ മുഖത്ത് എലി കടിച്ച പാടുകള്‍. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളും നാട്ടുകാരും മൃതദേഹത്തിലെ മുറിപ്പാടുകള്‍ കണ്ട് മോര്‍ച്ചറിക്കു മുന്നില്‍ ബഹളമുണ്ടാക്കി. ചേൂരക്കാട്ടുകര ഇട്ടാവളപ്പില്‍ രാജേഷിന്റെ ഭാര്യ രമ്യയുടെ മൃതദേഹത്തിനാണ് ഈ ഗതി വന്നത്.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തപ്പോള്‍ ഇടതു കവിളിന്റെ ഭാഗത്ത് നിന്നും മൂക്കിന്റെ വശത്തുനിന്നും മാംസം നഷ്ടപ്പെട്ട രീതിയിലാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ ഇങ്ങനെയുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം മാറ്റിവെച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പേരാമംഗലം പോലീസും സ്ഥലത്തെത്തി. മൃതദേഹത്തില്‍നിന്ന് മാംസഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ സ്ഥലത്തെത്താതിരുന്നതും വ്യക്തമായ മറുപടി പറയാതിരുന്നതും നാട്ടുകാരെ പ്രകോപിതരാക്കി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 12.15ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹത്തോട് തികഞ്ഞ അവഗണനയും അനാദരവുമാണ് ആസ്പത്രി അധികൃതര്‍ കാണിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മോര്‍ച്ചറിയുടെ ചുമതല ഉണ്ടായിരുന്നവര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന ആശുപത്രി പ്രിന്‍സിപ്പലിന്റെ ഉറപ്പിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞു പോയി.

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം തലവന്‍, അനാട്ടമി വിഭാഗം തലവന്‍, ആര്‍.എം.ഒ. എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെ പ്രിന്‍സിപ്പല്‍ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മോര്‍ച്ചറിയിലും ഫ്രീസറിലും എലി കയറുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് ഫ്രീസര്‍ സ്ഥാപിച്ച കമ്പനിയോടും പി. ഡബ്ല്യു. ഡി. ഉദ്യോഗസ്ഥരോടും സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെബ് ക്യാമറ ഉപയോഗിച്ച് ദിവസം മുഴുവന്‍ മോര്‍ച്ചറിയില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് മനുഷ്യരാരും മോര്‍ച്ചറിയില്‍ കടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു.