ആലപ്പുഴ: ആലപ്പുഴ തീരക്കടലില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ അന്ധരാഴിയ്ക്ക് പടിഞ്ഞാറ്വശം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.  ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ആളുടെ മൃതദേഹമാണെന്ന് സംശയിക്കുന്നുണ്ട്.

മൃതദേഹവുമായി മത്സ്യത്തൊഴിലാളികള്‍ തോട്ടപ്പള്ളിയിലേക്ക് തിരിച്ചിട്ടുണ്ട്. ഒന്നരമണിക്കൂറിനുള്ളില്‍ തോട്ടപ്പള്ളിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനുശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് പറയാന്‍ സാധിക്കുള്ളു.

ആലപ്പുഴ അന്ധകാരനഴി മനക്കോടം ഭാഗത്ത് കടലില്‍ ‘ഡോണ്‍ വണ്‍’ എന്ന മത്സ്യബന്ധന ബോട്ടില്‍ കപ്പിലിടിച്ചാണ് അപകടനം നടന്നിരുന്നത്. നീണ്ടകര ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ജെസ്റ്റിന്‍, സേവ്യര്‍ എന്നിവര്‍ മരിക്കുകയും ബര്‍ണാഡ്, കല്‍റ്റസ്, സന്തോഷ് എന്നിവരെ കാണാതാവുകയും ചെയ്തിരുന്നു. സന്തോഷിന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൈക്കിള്‍, ജോസഫും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അതേസമയം മത്സ്യബന്ധനബോട്ട് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ ‘എം.വി. പ്രഭുദയ’ എന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ തിരുവനന്തപുരം അമ്പലമുക്ക് മുല്ലശേരി സ്വദേശി പ്രശോഭ് സുഗതനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.

ബോട്ടിലിടിച്ചത് എം വി പ്രഭുദയ തന്നെയാണെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി ഡി.വൈ.എസ.്പി: കെ. മഹേഷ്‌കുമാര്‍ അറിയിച്ചു. ബോട്ടിലിടിച്ചതിന്റെ അടയാളങ്ങള്‍ വെള്ളത്തിനു മുകളിലുള്ള ഭാഗത്തു തന്നെ കാണാനുണ്ട്. നാവികസേനാ ഡൈവര്‍മാര്‍ വെള്ളത്തിനടിയില്‍ നടത്തിയ പരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

Malayalam news

Kerala news in English