മനില: ചെറുവിമാനം കടലില്‍ തകര്‍ന്നുവീണ് കാണാതായ ഫിലിപ്പീന്‍സ് ആഭ്യന്തരമന്ത്രി ജെസി റോബ്രഡോയുടെ (54) മൃതശരീരം കണ്ടെത്തി. വിമാനം കടലില്‍ തകര്‍ന്നുവീണ് മൂന്ന് ദിവസത്തിന് ശേഷമാണ് മുങ്ങല്‍ വിദഗ്ധര്‍ അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയത്.

Ads By Google

പൈപ്പര്‍ സിനാക്ക എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഫിലിപ്പീന്‍സിലെ മുഖ്യദ്വീപായ മസ്ബതെയില്‍നിന്നു പറന്നുയര്‍ന്ന വിമാനം ശനിയാഴ്ചയാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നു കരയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ കടലില്‍ പതിച്ചത്.

അപകടത്തില്‍ ജെസി റോബ്രഡോയെയ്‌ക്കൊപ്പം കാണാതായ രണ്ടു പൈലറ്റുകള്‍ക്കുമായി തിരച്ചില്‍ പുരോഗമിക്കുകയാണ്. മന്ത്രിയുടെ സഹായി ജുണ്‍ അബ്രസാഡോ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നാലുപേര്‍ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളു.

മഗ്‌സസെ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി പ്രഗത്ഭ ഭരണാധികാരിയെന്ന നിലയില്‍ പ്രശസ്തനായ റോബ്രഡോ പ്രസിഡന്റ് ബെനിഞ്ഞോ അക്വിനോയുടെ വലംകയ്യായിരുന്നു.