Categories

സംസ്ഥാനത്തെ പകല്‍ ലോഡ്‌ഷെഡിംങ് ഒഴിവാക്കി

തിരുവനനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന പകല്‍ ലോഡ്‌ഷെഡിംങ് ഒഴിവാക്കി. രാത്രിയിലെ വൈദ്യുതി നിയന്ത്രണം കുറച്ചുദിവസം കൂടി തുടരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. താച്ചര്‍ നെയ് വേലി താപവൈദ്യുത നിലയങ്ങളില്‍ നിന്നും കൂടുതല്‍ വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചതാണ് പകല്‍ ലോഡ്‌ഷെഡിംങ് ഒഴിവാക്കാന്‍ സഹായകമായത്.

ഞായറാഴ്ച രാവിലെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പകല്‍ സമയത്ത് ലോഡ് ഷെഡ്ഡിങ് വേണ്ട എന്ന് തീരുമാനിച്ചത്. കെ.എസ്.ഇ.ബി ചെയര്‍മാനും മറ്റ് ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച് തിങ്കളാഴ്ച ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പ്രസ്താവന നടത്തിയേക്കും.

കെ.എസ്.ഇ.ബിയ്ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുത വിഹിതത്തില്‍ 500 മെഗാവാട്ട് വരെ കുറഞ്ഞതാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണമായത്. ഇതേ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥിതി സംജാതമായിരിക്കുന്നതായി വൈദ്യുത ബോര്‍ഡ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ സമയത്തും രാത്രിയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ടോടെ വിവിധ കേന്ദ്രനിലയങ്ങളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറച്ചുഭാഗം ലഭിച്ചതിനാല്‍ പകല്‍സമയത്തെ നിയന്ത്രണം ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ രാത്രിയിലെ നിയന്ത്രണം തുടരാനാണ് തീരുമാനം. കുറഞ്ഞത് നാല് ദിവസമെങ്കിലും രാത്രിയിലെ ലോഡ്‌ഷെഡിംങ് തുടരും. ഒരാഴ്ചകൊണ്ട് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.