ഹൈദരാബാദ്: ഞായറാഴ്ച രാത്രി ഉസ്മാനിയ സര്‍വകലാശാലയിലെ ദലിത്, ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിച്ച മാട്ടിറച്ചിമേള സംഘര്‍ഷഭരിതമായി. ഹോസ്റ്റല്‍ ഭക്ഷണത്തില്‍ മാട്ടിറച്ചി ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് മാട്ടിറച്ചി മേള സംഘടിപ്പിച്ചത്. മാട്ടിറച്ചി കൊണ്ട് വിവിധ വിഭവങ്ങള്‍ ഒരുക്കിയ മേളയില്‍ 200ഓളം അധ്യാപകരും പങ്കെടുത്തു. ഇതിനെതിരെ എ.ബി.വി.പി പ്രതിഷേധ മാര്‍ച്ച് നടത്തുകയും മേളയുടെ സംഘാടകരെ ആക്രമിക്കുകയും ചെയ്തതോടെ മേള അക്രമാസക്തമാവുകയായിരുന്നു. വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതോടെ സര്‍വകലാശാല പരിസരം യുദ്ധക്കളമായി മാറി.

സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. തെലുങ്കാന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, പ്രോഗ്രസിവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂനിയന്‍, എസ്.എഫ്.ഐ എന്നീ സംഘടനകളും ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാങ്‌ഗ്വേജസ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്നാണ് മാട്ടിറച്ചി മേള സംഘടിപ്പിച്ചത്.

ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമമാണ് ക്യാംപസില്‍ അഴിച്ചുവിട്ടത്. ഫെസ്റ്റിവെല്‍ കമ്മിറ്റി അംഗമായ ടി. വെങ്കിടേശ്വരലുവിനെ പഴയ പി.ജി ഹോസ്റ്റലില്‍വെച്ച് ഒരു സംഘം എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എ.ബി.വി.പി പ്രവര്‍ത്തകനായ രാമ റാവുവിനെ ഫെസ്റ്റിവെല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങള്‍ വധിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

ഇരുവിഭാഗക്കാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിനിടയില്‍ വാരിയെല്ലിന് കുത്തേറ്റ രാമ റാവു ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗങ്ങള്‍ തന്നെ വധിക്കാന്‍ ശ്രമിച്ചതായി പരാതി നല്‍കി. ആദ്യം അജ്ഞാതര്‍ക്കെതിരെയാണ് പരാതി നല്‍കിയതെങ്കിലും പിന്നീട് ഫെസ്റ്റിവെല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ഏഴ് പേരുടെ പേര് ചേര്‍ത്ത് പരാതി പുതുക്കി.

രാമ റാവു പരാതി നല്‍കിയ അതേ സമയം തന്നെ ഫെസ്റ്റിവെല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ഏഴുപേര്‍ എ.ബി.വി.പിയ്‌ക്കെതിരെ പരാതി നല്‍കി. കഴിഞ്ഞരാത്രി എ.ബി.വി.പി പ്രവര്‍ത്തകര്‍ തങ്ങളെ അക്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.