ലണ്ടന്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇഖ്ബാല്‍ മിര്‍ച്ചി എന്ന മേമന്‍ ഇഖ്ബാല്‍ ലണ്ടനില്‍ അറസ്റ്റിലായി. സി.ബി.ഐ വക്താവ് ധാരിണി മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇഖ്ബാലിന്റെ അറസ്റ്റ് ഇന്റര്‍പോളും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ലണ്ടനില്‍ ചോദ്യം ചെയ്തുവരികയാണ്.

ഇന്റര്‍പോളിന്റെ സഹായത്തോടെ യു.കെ പൊലീസുമായി ബന്ധപ്പെട്ട് മിര്‍ച്ചിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇന്റര്‍പോളും നയതന്ത്ര ചാനലും വഴിശ്രമങ്ങള്‍ നടത്തുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

1993ലെ മുംബൈ സ്‌ഫോടനപരമ്പര കേസില്‍ പ്രതിയായ മിര്‍ച്ചിയെ 1994ല്‍ ഇന്ത്യ ഗവണ്‍മെന്റ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 1995ല്‍ ഇയാള്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടു. 1995ല്‍ മയക്കുമരുന്ന് കേസില്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ പിടിയിലായ ഇഖ്ബാലിനെ അന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും വൈകാതെ അയാള്‍ കേസുകളില്‍ നിന്ന് ഒഴിവാകുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ മയക്കുമരുന്ന് ഇടാപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ഇഖ്ബാല്‍ മിര്‍ച്ചിക്കെതിരെയുണ്ട്. മധ്യപ്രദേശിലും മുംബൈയിലുമുള്ള ഇയാളുടെ ആസ്തികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു.

ഇഖ്ബാലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുഎസ് മിര്‍ച്ചിക്കു വിസ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തെ മയക്കുമരുന്നു കള്ളക്കടത്തുകാരുടെ ലിസ്റ്റില്‍ ആദ്യ 50 പേരിലൊരാളാണു മിര്‍ച്ചി.

ഇഖ്ബാല്‍ മിര്‍ച്ചി (61) ദാവൂദിന്റെ മയക്കുമരുന്ന് വ്യാപാരത്തിന്റെ മേല്‍നോട്ടക്കാരനാണ്. കുടുംബത്തിന്റെ മുളകുപൊടി ബിസിനസില്‍ നിന്നാണ് ‘മിര്‍ച്ചി’ എന്ന പേരു വന്നത്.