ന്യൂയോര്‍ക്ക്: അടുത്ത ആഴ്ച ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് മത്സരത്തില്‍ സ്വന്തം നാടായ സ്വിറ്റ്‌സര്‍ലണ്ടിന് വേണ്ടി റോജര്‍ ഫെഡറര്‍ ഇറങ്ങും. പങ്കെടുക്കേണ്ട താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയാണെങ്കിലും സ്വിറ്റ്‌സര്‍ലണ്ട് ഒരു ദിവസം നേരത്തെ ഫെഡറര്‍ ഉള്‍പ്പെടെയുള്ള ടീമംഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സ്വിസ്സ് നിരയില്‍ ഫെഡറര്‍ ഇറങ്ങുന്നതിനെ പറ്റി ഊഹാപോഹങ്ങള്‍ നിലനി്ന്നിരുന്നു. യു.എസ് ഓപ്പണിന് മുമ്പ് നാടിനായി കളിക്കാനുള്ള താല്‍പ്പര്യം ഫെഡറര്‍ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ ഫെഡറര്‍ സ്വിറ്റ്‌സര്‍ലണ്ടിനായി കളത്തിലിറങ്ങിയിട്ടില്ലായിരുന്നു. കസാക്കിസ്താനുമായുള്ള മത്സരത്തില്‍ തോറ്റ് സ്വിറ്റ്‌സര്‍ലണ്ട് പുറത്താവുകയും ചെയ്തു. ജൂലൈയില്‍ പോര്‍ച്ചുഗല്ലിനെ 5-0ക്ക് തകര്‍ത്ത് സ്വിറ്റ്‌സര്‍ലണ്ട് വീണ്ടും പ്ലേ ഓഫില്‍ കളിക്കാന്‍ അര്‍ഹത നേടുകയായിരുന്നു.

സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ സിഡ്‌നിയിലെ ഗോല്‍ഫ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ഫെഡററുല്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് സ്വിസ്സ ക്യാപ്റ്റന്‍ സെവറിന്‍ ലൂത്തി പ്രഖ്യാപിച്ചത്. ഫെഡററെക്കൂടാതെ ഒളിപിംക് ഡബ്ബിള്‍സ് സ്വര്‍ണ മെഡല്‍ ജേതാവായ സ്റ്റാനിസ് ലാസ് വാവ്‌റിന്‍ങ്ക, സ്്‌റ്റെഫാനെ ബോലി, മാര്‍ക്കോ ചിഡുനെല്ലി എന്നിവരും ഉള്‍പ്പെടുന്നതാണ് ടീം.

ഡേവിസ് കപ്പില്‍ ഇത് വരെ ആസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ സ്വിസ്സ് ടീമിന് കഴിഞ്ഞിട്ടില്ല.ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാട്രിക് റാഫ്റ്റര്‍ ഇത് വരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ് ബെര്‍നാര്‍ഡ് ടോമിക്, ലെയറ്റണ്‍ ഹ്യുവിറ്റ് എന്നിവര്‍ ഓസീസ് നിരയിലുണ്ടാവുമെന്നാണ് കരുതുന്നത്.