ചിക്കാഗോ: മുബൈ ഭീകരാക്രമണകേസിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച ലഷ്‌കറെ ത്വയ്ബ ഏജന്റ് തഹാവൂര്‍ റാണക്കു 14 വര്‍ഷം തടവ്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനും ഡെന്‍മാര്‍ക്കിലെ പത്രസ്ഥാപനത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത കേസിലുമാണ് യു.എസ് കോടതി ശിക്ഷ വിധിച്ചത്.

Ads By Google

52-കാരനായ റാണ പാക് വംശജനും കനേഡിയന്‍ പൗരനുമാണ്. 2011-ല്‍ തന്നെ റാണ കുറ്റക്കാരനാണെന്ന് ചിക്കാഗോ ഫെഡറല്‍ ജൂറി കണ്ടെത്തിയിരുന്നു. അതേസമയം മുംബൈ ഭീകരാക്രമണ കേസില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ കോടതി ഇദ്ദേഹത്തെ വെറുതേ വിട്ടിരുന്നെങ്കിലും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്്റ്റിഗേഷന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലാണു റാണ പിടിയിലായത്. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡേവിഡ് ഹെഡ്‌ലിയുടെ കൂട്ടാളിയാണ് ഇയാള്‍.

ലഷ്‌കറെ ത്വയ്ബയെ സഹായിച്ചെങ്കിലും  ആളുകളുടെ മരണത്തിന് ഇടയാക്കിയില്ല എന്നതിനാലാണു ജീവപര്യന്തം ശിക്ഷ ഒഴിവായതെന്നു വിലയിരുത്തപ്പെടുന്നു. പകരം രണ്ടു കേസിലുമായി 14 വര്‍ഷമാണു തടവ്.

30 വര്‍ഷം തടവ് ശിക്ഷ കൊടുക്കണമെന്നായിരുന്നു യു.എസ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ കുറച്ചു കാലത്തെ ഡേവിഡ് ഹെഡ്‌ലിയുമായുള്ള സൗഹൃദമാണ് റാണയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നും അതുകൊണ്ട് കടുത്ത ശിക്ഷ നല്‍കരുതെന്നും  റാണയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ലഷ്‌കറെ തയിബയുടെ ഏജന്റാണ് ഹെഡ്‌ലിയെന്ന് അറിഞ്ഞുകൊണ്ടുതന്നെ റാണ സഹായങ്ങള്‍ നല്‍കിയതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. 14 വര്‍ഷത്തെ തടവിനു പുറമേ അഞ്ചു വര്‍ഷത്തെ നിരീക്ഷണത്തിലുമാണ് റാണ.