ലണ്ടന്‍: പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ലണ്ടനില്‍ കലാപത്തിന് കാരണമായതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. നഗരത്തിന്റെ പല ഭാഗത്തുനിന്നും കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പോലീസ് നിഷ്‌ക്രിയരായിരിക്കുകയായിരുന്നുവെന്ന് കാമറൂണ്‍ കുറ്റപ്പെടുത്തി. നഗരം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് മാറാന്‍ കാരണമായത് ഈ നിഷ്‌ക്രിയത്വമാണ്.

കലാപത്തിന്റെ മറവില്‍ നഗരത്തില്‍ കൊള്ള നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ കര്‍ഫ്യൂ നടപ്പിലാക്കുമെന്നും സോഷ്യല്‍ മീഡിയകളെ കലാപമേഖലയില്‍ നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖംമൂടി ധരിച്ചവര്‍ക്കും നഗരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊള്ള ചെയ്യപ്പെട്ട കടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബാധിക്കപ്പെട്ട ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയും സഹായവും ഉറപ്പുവരുത്തുമെന്നും വേണ്ടിവന്നാല്‍ നഗരത്തില്‍ സൈന്യത്തെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച ടോട്ടന്‍ഹാമില്‍ നടന്ന സമാധാമപരമായ പ്രകടനത്തിനിടെ പോലീസിന്റെ വെടിയേറ്റ് കറുത്ത വര്‍ഗക്കാരനായ ഒരു യുവാവ് മരിച്ചതിനെതുടര്‍ന്നാണ് കലാപം പൊട്ടിപുറപ്പെട്ടത്. തുടര്‍ന്ന് നഗരത്തിലെ കടകള്‍ കൊള്ളയടിച്ച അക്രമികള്‍ ഒട്ടേറെ കടകള്‍ക്ക് തീയിട്ടു. പ്രക്ഷോഭകാരികള്‍ പോലീസുമായും ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകംതന്നെ 1500 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം ഗവണ്‍മെന്റിന്റെ സാമ്പത്തിക നയവും തൊഴിലില്ലായ്മയുമാണ് ജനങ്ങളെ കലാപത്തിലേക്ക് നയിച്ചതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വികസിത മുഖംമൂടിക്കുള്ളില്‍ ബ്രട്ടീഷ് ജനതക്കുള്ളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വംശീയ വിവേചനമാണ് കലാപത്തിന്റെ യഥാര്‍ത്ഥ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.