എഡിറ്റര്‍
എഡിറ്റര്‍
ചെങ്കുപ്പായത്തില്‍ വീണ്ടും ബെക്കാം ?
എഡിറ്റര്‍
Friday 1st November 2013 8:10pm

beckham2

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ചുവന്ന ജഴ്‌സിയില്‍ ബെക്കാമെന്ന പേരുമായി ഒരു കളിക്കാരന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ അദ്ഭുതപെടേണ്ട. അതിനുള്ള സാദ്ധ്യത അടുത്തു തന്നെ ഉണ്ടാവുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം ക്ലബ്ബിലേക്ക് തിരിച്ച് വരുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ആ ബെക്കാമല്ല ഈ ബെക്കാം. ഇത് ബ്രൂക്ക്‌ലിന്‍ ബെക്കാം. സാക്ഷാന്‍ ഡേവിഡ് ബെക്കാമിന്റെ മൂത്ത പുത്രന്‍.

കഴിഞ്ഞ ദിവസം യുണൈറ്റഡിന്റെ ട്രയിനിംഗ് സെക്ഷനിലേക്ക് ബ്രൂക്ക്‌ലിനെ ക്ലബ്ബധികൃതര്‍ ക്ഷണിച്ചു. പതിനാലുകാരനായ ജൂനിയര്‍ ബെക്കാം ക്ലബ്ബിലെ മറ്റ് താരങ്ങള്‍ക്കൊപ്പം പന്ത് തട്ടി.

പിതാവിനോടൊപ്പമെത്തിയ ജൂനിയര്‍ ബെക്കാമിന്റെ പ്രകടനം ക്ലബ്ബധികൃതര്‍ക്കു നന്നേ ബോധിച്ചുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബ്രൂക്ക്‌ലിന്റെ പരിശീലനത്തെകുറിച്ച് ക്ലബ്ബധികൃതര്‍ ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ പ്രീമിയര്‍ ലീഗിലെ മറ്റ് രണ്ട് ടീമുകളുടെ പരീശീലന കളരിയില്‍ ബ്രൂക്ക്‌ലിന്‍ പങ്കെടുത്തിരുന്നു. ചെല്‍സിയുടെയും ക്യൂന്‍സ് പാര്‍ക്ക് റെയ്‌ഞ്ചേസിലുമാണ് ബ്രൂക്ക്‌ലിന്‍ പന്തുതട്ടിയത്.

ബെക്കാമിന്റെ മുന്‍ ക്ലബ്ബായ ലോസ് ആഞ്ചല്‍സ് ഗ്യാലക്‌സിയിലും ബ്രൂക്കലിന്‍ പരിശീലനം നടത്തിയിരുന്നു. മാഞ്ചസ്റ്ററിന് വേണ്ടി 400ലധികം മത്സരം കളിച്ച സീനിയര്‍ ബെക്കാം 2003ലാണ് ക്ലബ്ബ വിട്ടത്.

മാഞ്ചസ്റ്ററിന്റെ ആറ് പ്രീമിയര്‍ ലീഗ് കിരീടനേട്ടങ്ങളിലും ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും ബെക്കാം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.

Advertisement