ന്യൂദല്‍ഹി: ടെക് ഇന്ത്യയുടെ അഭിമാനമായ ആകാശ് ടാബ്‌ലറ്റിന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍. ആകാശ് ടാബ്‌ലറ്റിന്റെ പേറ്റന്റുള്ള രാജസ്ഥാന്‍ ഐ.ഐ.ടിയും നിര്‍മ്മാണ ചുമതലയുള്ള ഡാറ്റാവിന്‍ഡ് കമ്പനിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുന്നത്. സാങ്കേതിക വിദ്യയെക്കുറിച്ചുള്ള തര്‍ക്കമാണ് ഐ.ഐ.ടിയും ഡാറ്റാവിന്‍ഡും തമ്മിലുള്ളത്.

ആന്‍ഡ്രോയ്ഡ് 3.4, 4.0 വേര്‍ഷനുകള്‍ ഉപയോഗിച്ചു തുടങ്ങിയ കാലത്ത് ആകാശില്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ സിസ്റ്റമാണെന്ന് ഐ.ഐ.ടി പറയുന്നു. അതുപേലെ ആകാശിന്റെ ടച്ച് സ്‌ക്രീന്‍ വേണ്ടത്ര മേന്മയുള്ളതല്ലെന്നും വേഗം കുറവാണെന്നും രാജസ്ഥാന്‍ ഐ.ഐ.ടി ചൂണ്ടിക്കാണിക്കുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ആകാശ് പിന്തള്ളപ്പെടുമെന്നും അതിനാല്‍ ടാബ്‌ലറ്റില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ പരിഷ്‌കരിക്കണമെന്നുമാണ് ഐ.ഐ.ടി ഡാറ്റാവിന്‍ഡിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഡാറ്റാവിന്‍ഡ് ഈ ആവശ്യം തള്ളി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

10,000 ആകാശ് ടാബ്‌ലറ്റുകള്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഡാറ്റാവിന്‍ഡ് കമ്പനി വിതരണം ചെയ്തുകഴിഞ്ഞു. 24 ലക്ഷം ടാബ്‌ലറ്റിനുള്ള ഓര്‍ഡറും കമ്പനിക്കു ലഭിച്ചുകഴിഞ്ഞു. ഇതോടെ ആകാശില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നും രാജസ്ഥാന്‍ ഐ.ഐ.ടി ആവശ്യപ്പെടുന്നു.

കുറഞ്ഞ ചെലവില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നത് അപ്രായോഗികമാണെന്നാണ് ഡാറ്റാവിന്‍ഡിന്റെ വാദം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആകാശിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ നോക്കിയ, സാംസങ് തുടങ്ങിയ കുത്തക കമ്പനികളാണെന്നും ഡാറ്റാവിന്‍ഡ് പറയുന്നു.

Malayalam news

Kerala news in English