എഡിറ്റര്‍
എഡിറ്റര്‍
ഡാറ്റാസെന്റര്‍: സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി
എഡിറ്റര്‍
Friday 1st November 2013 1:15pm

c.b.i-office

ന്യൂദല്‍ഹി: ഡാറ്റാ സെന്റര്‍ കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിഞ്ജാപനം പുറത്തിറങ്ങി. വിഞ്ജാപനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കും.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച നടപടിക്രമങ്ങളുടെ ഭാഗമായാണ് വിജ്ഞാപനമിറക്കിയത്.

സി.ബി.ഐ അന്വേഷണത്തിനെതിരെ ദല്ലാള്‍ ടി.ജി നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വിജ്ഞാപനമിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഡാറ്റാസെന്റര്‍ റിലയന്‍സിന് കൈമാറിയത് സി.ബി.ഐ.അന്വേഷിക്കണമെന്ന് 2012 മാര്‍ച്ച് ആറിനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഫിബ്രവരി 23 ന് സി.ബി.ഐ അന്വേഷിക്കുമെന്ന് കെ.പി.ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞു.

ഇത് കോടതി വിമര്‍ശനത്തിനിടയാക്കി. മന്ത്രിസഭയുടെ അനുമതിയില്ലാതെ സി.ബി.ഐ. അന്വേഷണം മുഖ്യമന്ത്രിക്ക് തീരുമാനിക്കാനാവുമോ എന്നും മുഖ്യമന്ത്രിയുടെ തീരുമാനം മന്ത്രിസഭ അംഗീകരിക്കാത്ത സാഹചര്യത്തില്‍ എന്താവും അഡ്വക്കറ്റ് ജനറലിന്റെ പ്രസ്താവനയെന്നും കോടതി ചോദിച്ചു.

മന്ത്രിസഭ തീരുമാനിക്കുംമുമ്പ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ സി.ബി.ഐ അന്വേഷണത്തക്കുറിച്ച് അറിയിച്ചതിനെയാണ് വിമര്‍ശിച്ചത്.

ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല സിഡാക്കില്‍ നിന്ന് റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ടി.ജി. നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി നല്കിയതോടെയാണ് കേസിന്റെ തുടക്കം.

Advertisement