സ്വന്തം ലേഖകന്‍

പോപ്പുലര്‍ ഫ്രണ്ടും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ പുതുമയില്ല. സി പി ഐ എമ്മിനാണ് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് പല ലീഗ് നേതാക്കളും ആരോപിക്കുന്നുണ്ട്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മത കോടതിയായ ദാറുല്‍ ഖദയുമായി മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് ബന്ധമുണ്ടെന്ന സി പി ഐ എം നേതാവ് പി ജയരാജന്റെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കയാണ്. ദാറുല്‍ ഖദയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് നേതാവ് അരിമ്പ്ര മുഹമ്മദ് പങ്കെടുത്തുവെന്നും കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായാണ് മുഹമ്മദ് പങ്കെടുത്തതുമെന്നാണ് ജയരാജന്റെ ആരോപണം.

ഐസ്‌ക്രീം കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ സ്വീകരണ യോഗം വിജയിപ്പിച്ചത് എന്‍ ഡി എഫുകാരായിരുന്നുവെന്നും വനിതാ ലീഗിന്റെ നേതാവ് ഖമറുന്നിസ അന്‍വറിന് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിങുമായി അടുത്ത ബന്ധമുണ്ടെന്നും ജയരാജന്‍ ആരോപിച്ചു. ആരോപണത്തിന് തെളിവുകളുമായി പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസില്‍ വന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ജയരാജന്‍ ഹാജരാക്കുകയുമുണ്ടായി. നിയമസഭാ പ്രസ്‌റൂമില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയാണ് ജയരാജന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ജയരാജന് മറുപടിയുമായി ഇന്ന് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയാണ് കൂടുതല്‍ സംശയകരമാവുന്നത്. ‘ദാറുല്‍ ഹുദ’യും ‘ദാറുല്‍ ഖദ’യും എന്താണെന്ന് ജയരാജന് അറിയില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. ദാറുല്‍ ഹുദയെന്നത് മുസ്‌ലിം ലീഗ് അനുകൂല സുന്നി സംഘടനയുമായി ബന്ധപ്പെട്ട് ചെമ്മാട് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ്. വസ്തുത ഇതായിരിക്കെ ദാറുല്‍ ഹുദയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചതെന്നാണ് ആരോപണം.

ദാറുല്‍ ഖദ പി ഡി പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു കളഞ്ഞു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍പ്പെട്ട് അവശനായി കഴിയുന്ന അബ്ദുന്നാസര്‍ മഅദനിയെയും പി ഡി പിയെയും വിഷയത്തിലേക്ക് വലിച്ചിഴച്ച് തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ നിന്ന് പതുക്കെ തലയൂരാമെന്നും ലീഗ് സെക്രട്ടറി ചിന്തിച്ച് കാണും.

നാഷണല്‍ വിമണ്‍സ് ഫ്രണ്ടിന്റെ സമ്മേളനത്തിനെത്തിയ ഡോ.മറിയം മുഹമ്മദിനെ ഖമറുന്നിസ അന്‍വര്‍ കരിപ്പൂരില്‍ സ്വീകരിക്കുന്നു

മുസ്‌ലിം ലീഗ് പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നടന്ന രൂക്ഷമായ വടം വലികള്‍ ചരിത്രമാണ്. ലീഗിന്റെ എന്‍ ഡി എഫ് ബന്ധത്തിനെതിരെ ആദ്യമായി രംഗത്ത് വന്നത് എം കെ മുനീറും യൂത്ത് ലീഗ് നേതാവ് കെ എം ഷാജിയുമാണ്. എന്‍ ഡി എഫിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്ന് ഇവര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നുവെന്നതാണ് യാഥാര്‍ഥ്യം. എതിര്‍പ്പ് മറികടക്കാനും എന്‍ ഡി എഫുമായുള്ള ബന്ധത്തിന്റെ അപകടം ബോധ്യപ്പെടുത്താനും ഇവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പ്രത്യേക പഠന ക്ലാസുകള്‍ നടത്തേണ്ടി വന്നു.

അതേസമയം ഷാജിയുടെയും മുനീറിന്റെയും നീക്കങ്ങള്‍ക്ക് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും ലഭിച്ചിരുന്നില്ല. എന്നാല്‍ എന്‍ ഡി എഫ് വിരുദ്ധ നീക്കത്തിന് ലീഗ് അനുകൂല സുന്നി വിദ്യാര്‍ഥി സംഘടനയായ എസ് കെ എസ് എസ് എഫിന്റെ പിന്തുണ കിട്ടിയിരുന്നു. ലീഗിന്റെ എന്‍ ഡി എഫ് ബന്ധത്തിനെതിരെ എസ് കെ എസ് എസ് എഫ് മുഖ പത്രമായ സത്യധാരയില്‍ 2006 ജൂണ്‍ ആദ്യ ലക്കത്തില്‍ വന്ന ലേഖനത്തെക്കുറിച്ചും ജയരാജന്‍ പറഞ്ഞിരുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു ലേഖനമെഴുതിയിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ ദാറുല്‍ ഹുദയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്.