എഡിറ്റര്‍
എഡിറ്റര്‍
ഹൃദയം പൊട്ടാതിരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കൂ!
എഡിറ്റര്‍
Saturday 2nd June 2012 12:41pm

സിഡ്‌നി: ചോക്ലേറ്റുകള്‍ കഴിക്കുന്നതിനെക്കുറിച്ച് കുറ്റമല്ലാതെ മറ്റൊന്നും ആരും പറയുന്നത് കേട്ടിട്ടില്ല. ചോക്ലേറ്റ് അധികം കഴിക്കാനേ പാടില്ലെന്നാണ് ഡോക്ടര്‍മാരും ഉപദേശിക്കാറുള്ളത്. എന്നാല്‍ എല്ലാ ചോക്ലേറ്റുകളും പ്രശ്‌നക്കാരല്ലെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഡാര്‍ക്ക് ചോക്ലേറ്റാണ് ഏറെ ഗുണകരമെന്നും ഗവേഷകര്‍ പറയുന്നു. ഇവ കഴിക്കുന്നവരുടെ ഹൃദയാരോഗ്യം വര്‍ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ദിവസവും ചെറിയ അളവില്‍ ‘ഡാര്‍ക്ക് ചോക്ലേറ്റ്’ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 10 വര്‍ഷം സ്ഥിരമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ഹാര്‍ട്ട്അറ്റാക്കിനുള്ള സാധ്യത കുറയുമെന്നാണ് കണ്ടെത്തല്‍.  ഹൃദ്രോഗത്തെ 50 ശതമാനം വരെ ചെറുക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു കഴിയും. കൂടാതെ സ്‌ട്രോക്ക് അടക്കമുള്ള രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.

70 ശതമാനം കൊക്കോ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഡാര്‍ക്ക് ചോക്ലേറ്റിനാണ് ഈ ഗുണമുള്ളത്. ദിവസവും നൂറു ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്‌ടെത്തി. ചോക്ലേറ്റിലെ ഫ്‌ളവനോയിഡ്‌സ്, ഫ്‌ളവനോള്‍ എന്നീ ഘടകങ്ങള്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ചോക്ലേറ്റിലടങ്ങിയിട്ടുള്ള ഫ്‌ളവനോള്‍സ് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തിലെ ചില ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കും.

ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ കൂട്ടാനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു. അതേസമയം, മില്‍ക് ചോക്ലേറ്റില്‍ പോഷക ഗുണങ്ങള്‍ വളരെ കുറവാണ്. ഹൃദയാരോഗ്യത്തിന് ഗുണകരമെന്ന് കരുതി അമിതമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കേണ്ട. കാരണം ചോക്ലേറ്റില്‍ കൊഴുപ്പും ഊര്‍ജ്ജവും ഉയര്‍ന്ന അളവിലാണ് ഉള്ളത്. അമിതമായാല്‍ അമൃതും വിഷമെന്ന് സാരം.

Advertisement