ഡാര്‍ജിലിങ്: പ്രത്യേക സംസ്ഥാനത്തിന് വേണ്ടി ഡാര്‍ജിലിങ്ങില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമാക്കുന്നു. തിങ്കളാഴ്ച രാത്രിയോടെ നടന്ന പൊലീസ് വെടിവെപ്പില്‍ യുവാവ് മരിച്ചതായി സമരക്കാര്‍ ആരോപിച്ചു.

അശോക് തമംഗ് എന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) പ്രവര്‍ത്തകന്‍ ആണ് കൊല്ലപ്പെട്ടതെന്ന് സമരക്കാര്‍ ആരോപിച്ചു. മിറികില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ പൊലീസ് യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) പ്രവര്‍ത്തകര്‍ വ്യക്തമാക്കി.


Dont Miss നീളം കുറഞ്ഞ ടോപ്പും ചെറിയ പാവാടയും ധരിച്ചുള്ള വീഡിയോ; സൗദിയില്‍ യുവതി അറസ്റ്റില്‍


അതേസമയം സമരക്കാരുടെ ആരോപണം തെറ്റാണെന്നും പൊലീസ് വെടിവെപ്പില്‍ അല്ല യുവാവ് കൊല്ലപ്പെട്ടതെന്നും പശ്ചിമ ബംഗാള്‍ പൊലീസ് പറഞ്ഞു. ഇന്നലെയുണ്ടായ പ്രക്ഷോഭത്തില്‍ രണ്ട് പൊലീസ് വാഹനവും പൊലീസ് ഔട്ട്‌പോസ്റ്റും സമരക്കാര്‍ അഗ്നിക്കിരയായിക്കതായും പൊലീസ് ആരോപിച്ചു.

തുടര്‍ന്ന് അശോക് തമംഗിന്റെ മൃതദേഹവുമായി ഡാര്‍ജിലിങ്ങിലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രോഷാകുലരായ പ്രവര്‍ത്തകര്‍ പഴയ മുന്‍സിപ്പില്‍ കെട്ടിടത്തിന് തീയിടുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ചു.

അതേസമയം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയുമായിരുന്നെന്ന് പശ്ചിമബംഗാള്‍ ടൂറിസം മന്ത്രി ഗൗതം ദേബ് പറഞ്ഞതായി ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക സംസ്ഥാനത്തിനുവേണ്ടി ഡാര്‍ജിലിങ്ങില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമായിക്കൊണ്ടിരിക്കുകയാണ്. സൊനാഡ പൈതൃക റെയില്‍വേ സ്റ്റേഷനു കഴിഞ്ഞ ദിവസം സമരക്കാര്‍ തീയിട്ടിരുന്നു.


Dont Miss അദാനിയ്‌ക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധം: ഇ.പി.ഡബ്ല്യു എഡിറ്റര്‍ രാജിവെച്ചു


മരുന്നുവാങ്ങാന്‍ പുറത്തിറങ്ങിയ തഷി ഭൂട്ടിയ എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ മാര്‍ച്ചിലും പൊലീസ് നടപടിയിലുമാണു കഴിഞ്ഞ ദിവസം യുവാക്കള്‍കൂടി മരിച്ചത്. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ഗൂര്‍ഖ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (ജിഎന്‍എല്‍എഫ്), ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) പ്രവര്‍ത്തകര്‍ ഭൂട്ടിയയുടെ മൃതദേഹവുമായി സദര്‍ ആശുപത്രിയിലേക്കു നടത്തിയ മാര്‍ച്ചിനിടെ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണു സൂരജ് സൂന്‍ദാസ് എന്ന യുവാവു വെടിയേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം സിംഗ്മാറിയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലിനിടെ മറ്റൊരു യുവാവുകൂടി കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സൊനാഡയിലും ഡാര്‍ജിലിങ്ങിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ, പ്രത്യേക സംസ്ഥാനം വേണമെന്നും ബംഗാളില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു ഗൂര്‍ഖലാന്‍ഡ് പ്രക്ഷോഭകര്‍ ദല്‍ഹിയില്‍ പ്രകടനം നടത്തി. പ്രത്യേക സംസ്ഥാനമെന്ന 110 വര്‍ഷം പഴക്കമുള്ള ആവശ്യത്തിന്റെ പ്രതീകാത്മകമായി 110 മീറ്റര്‍ നീളമുള്ള ദേശീയ പതാകയും വഹിച്ചായിരുന്നു ഗൂര്‍ഖ സന്യുക്ത് സംഘര്‍ഷ് സമിതിയുടെ പ്രകടനം.