മുംബൈ: ദാരാസിംഗിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് അര്‍ഷദ് അലിക്ക് സസ്‌പെന്‍ഷന്‍. സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് അര്‍ഷദ് അലി.

സംഭവവുമായി ബന്ധപ്പെട്ട് അജയ് കുമാര്‍ ജെയ്ന്‍ എന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. 2006 ഒക്ടോബര്‍ 23നാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്.

ജയ്പൂരിന് സമീപത്തുള്ള രാജേന്ദ്രപ്രസാദ് നഗറില്‍ വെച്ചായിരുന്നു ദാരാസിംഗിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത്. സംഭവത്തിന് പിന്നില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ദാരാസിംഗിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. അര്‍ഷദിനും അജയ് കുമാര്‍ ജെയ്‌നും സി.ബി.ഐ സമന്‍സയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പൊന്നുച്ചാമി അടക്കം അഞ്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.