danthawade hut attacked ന്യൂദല്‍ഹി: ദന്തവാഡെയില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താത്തതെന്താണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാറിനോട് സുപ്രീം കോടതി. മേഖലയില്‍ മാവോവാദികളെ നേരിടാനെന്ന പേരില്‍ സായുധ സേനയായ സാല്‍വജുദൂമിനെ വിന്യസിച്ചതിന്റെ നടപടിക്രമങ്ങളെ കോടതി വീണ്ടും ചോദ്യം ചെയ്തു.

‘ സാല്‍വജുദൂമിന് ആവശ്യമായ പരിശീലനം നല്‍കുന്നുണ്ടോയെന്നും ഇവരുടെ നാട്ടുകാരോടുള്ള ഇടപെടല്‍ എങ്ങിനെയാണെന്നും കോടതി ചോദിച്ചു. അര്‍ക്ക് നിയമത്തെക്കുറിച്ച് അറിയുമോ?.സ്വയരക്ഷ എന്താണെന്ന് അവര്‍ക്ക് അറിയുമോ?- കോടതി ചോദിച്ചു.

സാമൂഹ്യശാസ്ത്രജ്ഞ നന്ദിനി സുന്ദര്‍ നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ ബി സുദര്‍ശന റെഡ്ഡി, എസ്.എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ദന്തവാഡെയില്‍ ആദിവാസി കുടിലുകള്‍ പോലീസ് അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹരജി.

മാവോവാദി വേട്ടയുടെ പേരില്‍ നടക്കുന്ന സൈനിക നടപടികള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു.