ദന്തവാഡ: ഛത്തിസ്ഗഡിലെ ദന്തവാഡെയില്‍ മാവോയിസ്റ്റുകളും സുരക്ഷാസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മാവോവാദികളുടെ ഭാഗത്ത് നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

നേരത്തെ 25ഓളം സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായും 40 ഓളം പേരെ കാണാതായതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മുഴുവന്‍ സേനാംഗങ്ങളും സുരക്ഷിതരാണെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പോലീസ് രാംനിവാസ് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിന്നു.ദന്തേവാഡക്കു 40 കിലോമീറ്റര്‍ ഉള്‍പ്രദേശത്തുള്ള ഗുമിയാപല്‍, കിരന്‍ദുല്‍ മേഖലയിലെ ഘോരവനങ്ങളിലായിരുന്നു ഏറ്റമുട്ടല്‍. ഏകദേശം ഇരുന്നുറോളം വരുന്ന ആയുധ ധാരികളായ മാവോയിസ്റ്റുകളുമായാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ എട്ടു മണിയോടെ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയ ചത്തീസ്ഗഡ് പൊലീസ്, പ്രത്യേക ദൗത്യ സേന, പ്രത്യേക പരിശീലനം നേടിയ ‘കോയ കമാന്‍ഡോകള്‍’ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തതെന്ന് ഐ ജി രാജേഷ് മിശ്ര അറിയിച്ചു.