ശ്രീനഗര്‍: ആമിര്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദംഗലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം. സൈറയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ സൈറയ്ക്ക് പരിക്കുകളില്ല, കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ കാര്‍ തടാകത്തിലേക്ക് മറിയുകയായിരുന്നുവെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. കാര്‍ മറിയുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.


Also Read: ബാഴ്സയുടെ ജഴ്സിക്ക് വിലക്ക്; ജഴ്സി ധരിച്ച് യു.എ.ഇയില്‍ എത്തിയാല്‍ 15 വര്‍ഷത്തെ തടവുശിക്ഷ; കാരണം ഇതാണ്


ഗുസ്തിക്കാരായ മഹാവീര്‍ ഫോഗട്ട്, ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയ ദംഗലില്‍ ഗീതയുടെ കുട്ടിക്കാലമാണ് സൈറ അവതരിപ്പിച്ചത്. ആമീര്‍ ഖാനാണ് മഹാവീര്‍ ഫോഗട്ടായി ചിത്രത്തിലെത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള ദേശിയ പുരസ്‌കാരം സൈറ സ്വന്തമാക്കിയിരുന്നു.