ലാലു

ദമ്മാം: അഞ്ച് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം വികസനദാഹിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബി.ജെ.പി.യില്‍ എത്തിച്ചതായി ഒ.ഐ.സി.സി ദമ്മാം സോണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ജവാദ് മൗലവി ആരോപിച്ചു. ഒ.ഐ.സി.സി ദമ്മാം സിറ്റി യൂനിറ്റിന്റെ പുനക്രമത്തിന്റെ ഭാഗമായി ബദ്‌റുല്‍റാബി ആഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ”കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ യു.ഡി.എഫ് – എല്‍.ഡി.എഫ് സര്‍ക്കാരുകള്‍” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു ഭരണത്തില്‍ വികസനം സാധ്യമല്ലെന്ന കാരണം പറഞ്ഞ് എം.എല്‍.എ കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം കിട്ടിയ അവസരം വലിച്ചെറിഞ്ഞെത് പൊതുജനം കാണാതെ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആദര്‍ശം, പ്രത്യയശാസ്ത്രം ഭരണനേട്ടങ്ങള്‍ ഇതൊക്കെയായിരുന്നു തെരഞ്ഞെടുപ്പ് വേളകളില്‍ എല്‍.ഡി.എഫിനു മുമ്പ് പറയാനുണ്ടായിരുന്നത്. പന്ത്രണ്ടാം നിയമസഭയുടെ അമരത്ത് എല്‍.ഡി.എഫ് എത്തിയപ്പോള്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം 29.66 ശതമാനമായിരുന്നത് അവര്‍ പടിയിറങ്ങുന്ന ഈ വേളയില്‍ 42.41 ശതമാനമായി ഉയര്‍ന്നു. ഈ ഒരൊറ്റ സംഭവത്തില്‍ നിന്നു തന്നെ ഇടതുഭരണം കേരളത്തിനു വരുത്തിയ നാശനഷ്ടം ബോധ്യപ്പെടും. അതിനാല്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായി വ്യാജ ആരോപണങ്ങള്‍ മാത്രമാണ് പൊതുസമൂഹത്തിന്റെ മുന്നില്‍ ഇടതുപാര്‍ട്ടികള്‍ ഇപ്പോള്‍ നിരത്തിക്കൊണ്ടിരിക്കുന്നത. ജവാദ് മൗലവി പറഞ്ഞു.

സോണ്‍കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സി.കെ.വര്‍ഗീസ് പത്തനംതിട്ട പ്രസിഡന്റായി ദമ്മാം സിറ്റി യൂനിറ്റ് പുന:സംഘടിപ്പിച്ചു. സുലൈമാന്‍ പാലക്കാട് – ജനറല്‍സെക്രട്ടറി, സുമേഷ്‌ എരുമയൂര്‍ – ട്രഷറര്‍, ഫൈസല്‍ തുമ്പക്കണ്ടി – വെല്‍ഫയര്‍ കണ്‍വീനര്‍ എന്നിവരടങ്ങുന്ന യൂനിറ്റ് കമ്മിറ്റിയില്‍ മൊത്തം 9 ഭാരവാഹികളും 10 നിര്‍വാഹക സമിതി അംഗങ്ങളുമുണ്ട്.

പ്രസിഡന്റായി ചുമതല ഏറ്റെടുത്ത സി.കെ.വര്‍ഗീസ് മുന്‍ ജനറല്‍സെക്രട്ടറി റഫീക്ക് കൂട്ടിലങ്ങാടിയില്‍ നിന്ന് മിനിറ്റ്‌സ് ബുക്ക് ഏറ്റുവാങ്ങി. ഉടനടി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിക്കുമെന്ന് തന്റെ നയപ്രസംഗത്തില്‍ അദ്ദേഹം അറിയിച്ചു. സോണ്‍ രക്ഷാധികാരി സി.അബ്ദുല്‍ഹമീദ്, യൂനിറ്റ് രൂപീകരണ ചുമതലയുള്ള സോണ്‍ വൈസ്പ്രസിഡന്റ് സുരേഷ്‌ കുന്നം, സോണ്‍ ട്രഷറര്‍ രമേശ് പാലക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഫഈക്ക് കൂട്ടിലങ്ങാടി സ്വാഗതവും ജോസ് ചെങ്ങന്നൂര്‍ നന്ദിയും പറഞ്ഞു.