സൂറിച്ച്: ലോകപ്രശസ്ത ഒപേറ സംഗീതജ്ഞ ഡേം ജൊവാന്‍ സതര്‍ലാന്‍ഡ്(83) നിര്യാതനായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വവസതിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതേത്തുടര്‍ന്ന് 20 വര്‍ഷം മുമ്പാണ് ജൊവാന്‍ സ്റ്റേജിനോടു വിടപറഞ്ഞത്. 20ാം നൂറ്റാണ്ടിലെ ഒപേറയുടെ പര്യായമായി മാറിയ ജൊവാന്‍ 1952ല്‍ ലണ്ടനിലെ കോണ്‍വെന്റ് ഗാര്‍ഡനില്‍ നിന്നാണ് ജൊവാന്‍ തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്.

‘ലോകത്തിനു മുഴുവന്‍ പ്രിയപ്പെട്ടവളായിരുന്നു ജൊവാന്‍. എന്നാല്‍ അവര്‍ ഞങ്ങള്‍ക്കെല്ലാമെല്ലാമായിരുന്നു, അവരുടെ വിയോഗത്തില്‍ നിന്നു കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍’ ജൊവാന്റെ പുത്രഭാര്യ ഹെലന്‍ പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ ശബ്ദത്തിന്റെ ഉടമയെന്നാണ് ജൊവാന്‍ അറിയപ്പെട്ടിരുന്നത്. 1961ല്‍ ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ജൊവാനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിരവധി ബഹുമതികള്‍ക്ക് ജൊവാന്‍ അര്‍ഹയായിട്ടുണ്ട്.