ന്യൂദല്‍ഹി: ഡാം 999 സിനിമയ്‌ക്കേര്‍പ്പെടുത്തിയ വിലക്കിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റീസ് ഡി.കെ. ജയിന്‍ പിന്‍മാറി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനാണ് ജസ്റ്റീസ് ഡി.കെ. ജയിന്‍. ഇതേ തുടര്‍ന്നാണ് പിന്‍മാറ്റം. ഹര്‍ജി പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യമാണ് സിനിമയുടെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്‌നാട് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

തന്റെ ചിത്രത്തില്‍ ഒരിടത്തുപോലും മുല്ലപ്പെരിയാര്‍ എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സംവിധായകന്‍ സോഹന്‍ റോയ് കഴിഞ്ഞദിവസം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നിരോധിച്ച നടപടി തന്റെ മൗലികാവകാശം ലംഘിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സിനിമ കാണുകപോലും ചെയ്യാതെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സിനിമ പ്രാഥമികമായി ഒരു പ്രണയ കഥയാണ്. അണക്കെട്ട് തകരുന്നതിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നതെന്ന് മാത്രം. തമിഴ്‌നാടിന്റെ നടപടി തന്നെ അത്ഭുതപ്പെടുത്തി.. സെന്‍സര്‍ ബോര്‍ഡ് ഒരു വെട്ടിമുറിക്കലും നടത്താതെ അംഗീകരിച്ച സിനിമ തടയാന്‍ പിന്നെ ആര്‍ക്കാണ് അധികാരം.

താന്‍ നേരത്തെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സിനിമക്ക് ഡോക്യുമെന്ററിയുമായി ഒരു ബന്ധവുമില്ല. നാല് വര്‍ഷം മുമ്പാണ് തന്റെ മനസ്സില്‍ സിനിമയുടെ ആശയം ഉദിച്ചത്. 100വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം മാത്രമല്ല ഇന്ത്യയിലുള്ളത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കാലാവധി കഴിഞ്ഞ 64 ഡാമുകള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് മലയാളിയെപ്പോലെ തന്നെ ഡാം തകര്‍ന്നാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ഭയപ്പെടുന്നയാള്‍ തന്നെയാണ് താനും. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 3.5 മില്ല്യണ്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാവും. ഞാന്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരം ഭീഷണി നേരിടുന്ന 64 ഡാമുകളുണ്ട്. ഇത്തരം ഡാമുകളുടെയെല്ലാം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സിനിമ നിര്‍മ്മിച്ചത്.

കേരള സര്‍ക്കാര്‍ സിനിമയോട് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സിനിമക്ക് നികുതി ഒഴിവാക്കി നല്‍കുന്നതിന് അപേക്ഷ നല്‍കാന്‍ മന്ത്രി പി.ജെ ജോസഫ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോഹന്‍ റോയ് പറഞ്ഞു. സോമാലിയ കടല്‍ക്കൊള്ളക്കാരെക്കുറിച്ചുള്ള സിനിമക്ക് തിരക്കഥയെഴുതുകയാണ് അദ്ദേഹമിപ്പോള്‍.

Malayalam news

Kerala news in English