ഭോപ്പാല്‍: മധ്യപ്രദേശില്‍ സവര്‍ണര്‍ക്ക് മുന്നിലൂടെ മോട്ടോര്‍ ബൈക്ക് ഓടിച്ചതിന് ദളിതതന്റെ മൂക്ക് സവര്‍ണന്‍ ഛേദിച്ചു. തങ്ങളുടെ സാന്നിധ്യത്തില്‍ ദളിതനോ താഴ്ന്ന ജാതിക്കാരനോ മോട്ടോര്‍ ബൈക്ക് ഓടിക്കാനുള്ള അവകാശമില്ലെന്ന് പറഞ്ഞാണ് മേല്‍ജാതിക്കാര്‍ മുപ്പിത്തയൊന്നുകാരനായ പ്രകാശ് ജാതവിന്റെ മൂക്ക് മുറിച്ചത്.

ശിവപുരിയിലെ നാര്‍വാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജെയ്റ്റ്പൂരാണ് സംഭവം നടന്നത്. പ്രകാശ് ജാതവിനെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്ത്രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം നടന്നദിവസം ഇവര്‍ക്ക് മുന്നിലൂടെ ബൈക്ക് ഓടിച്ചുപോകുകയായിരുന്നു പ്രകാശ്. പ്രകാശിനെ ബൈക്കല്‍ കണ്ട ഇവര്‍ വണ്ടി തടഞ്ഞുനിര്‍ത്തി അദ്ദേഹത്തെ വലിച്ച് നിലത്തിടുകയായിരുന്നു. പിന്നീട് ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സഹായമഭ്യര്‍ത്ഥിച്ച് പ്രകാശ് ജാതവ് നിലവിളിച്ചെങ്കിലും ആരും സഹായിച്ചില്ല. ഇതിനിടെ ഒരാള്‍ കത്തിയെടുത്ത് യുവാവിന്റെ മൂക്ക് അറുത്തുമാറ്റുകയായിരുന്നു. പിന്നീട് യുവാവിനെ അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയാണുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്‌പേരെ പോലീസ് അറസ്റ്റു ചെയ്തു. അജിത് സിംഗ്, ദേവി സിംഗ്, ശ്യാം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തില്‍ പങ്കാളികളായ ആറ് പേരെ പോലീസ് തിരയുന്നുണ്ട്.

കുശ് വാഹ സുമാദായത്തില്‍പ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ജാതവിന്റെ ജീവിതത്തിലുണ്ടായ പുരോഗതിയില്‍ ഇവര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. ബൈക്ക് ഓടിക്കുന്നതിന് നിരവധി തവണ പ്രകാശിനെ ശകാരിക്കുകയും ചെയ്തിരുന്നു.