പുരി: അമ്പലത്തില്‍ വഴിപാട് നടത്താനെത്തിയ ദളിതര്‍ക്ക് ശിക്ഷ. ഒറീസയിലെ പുരി ജില്ലയിലാണ് സംഭവം അരങ്ങേറിയത്. ഹരിജനങ്ങള്‍ ഇവിടെ നിന്ന് പ്രാര്‍ത്ഥിക്കുക എന്നൊരു ബോര്‍ഡ് അമ്പലത്തിന് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. ശക്തിയുടെ ദേവതയായ കാളിയെ തൊഴാനെത്തിയശേഷം വഴിപാടിനായി ബോര്‍ഡും താണ്ടി അമ്പലത്തിനുള്ളില്‍ പ്രവേശിച്ചതാണ് ദളിതരെ ശിക്ഷയ്ക്ക് വിധേയരാക്കിയത്.

സംഭവത്തില്‍ മാപ്പുപറയാന്‍ അമ്പലത്തിലെ ശാന്തി തയ്യാറായില്ല. ദളിതരുടെ പ്രവൃത്തി പാരമ്പര്യത്തിനും സംസ്‌കാരത്തിനുമെതിരാണെന്നായിരുന്നു ശാന്തിയുടെ വാദം. മുന്‍ഗാമികളുടെ കാലംതൊട്ട് തുടര്‍ന്നുപോരുന്ന ഒരു വ്യവസ്ഥിതിയാണിതെന്നും അത് പിന്തുടരുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ക്ക് അമ്പലത്തില്‍ പ്രവേശനാനുമതി നല്‍കുന്നതിലുംഭേദം മരിക്കുന്നതാണെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് ഒരു പ്രമുഖ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഒറീസ സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജാതി തിരിച്ചുകാണേണ്ട ആവശ്യമില്ലെന്നും ഉയര്‍ന്ന ജാതിക്കാര്‍ ചെയ്യുന്നതെല്ലാം തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നും ശിക്ഷയ്ക്കു വിധേയയായ ചന്ദന ഭോയി വ്യക്തമാക്കി.