chettiplulam-temple-entranc

ചെന്നൈ: അയിത്താചരണത്തിന്റെ പ്രാകൃത നിയമങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് ചെന്നൈയിലെ ചെട്ടിപുലത്തെ ഏകംബരേശ്വര ശിവക്ഷേത്രത്തില്‍ ദളിതുകള്‍ പ്രവേശിച്ചു. കലക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചരിത്രപരമായ ദളിത് കാല്‍വെപ്പ്. നാഗപട്ടണം ജില്ലയിലെ വേദരന്യം പ്രദേശത്തെ 70 ഓളം ദളിതുകള്‍ ഇന്നലെ രാവിലെയോടെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധനകള്‍ നടത്തി. 11 മണിയോടെ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിതുകള്‍ 25 മനിട്ടു നേരം പ്രാര്‍ഥന നടത്തി. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പുഷ്പങ്ങളും മറ്റ് ആരാദ്യ വസ്തുക്കളുമായാണ് ക്ഷേത്രത്തിലെത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് വി മണിമാരനും ദളിതുകള്‍ക്കൊപ്പമുണ്ടായിരുന്നു. ‘ഇത് ചരിത്ര നിമിഷമാണ്. ഇത്രയും കാലം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലായിരുന്നു. ക്ഷേത്ര പ്രവേശന കവാടത്തിന്റെ 10 അടി അകലെ നിന്ന് തൊഴുതു പോവേണ്ടിയിരുന്നു ഞങ്ങള്‍’ ദളിത് തൊഴിലാളിയായ നന്ദന്‍ പറയുന്നു.

നേരത്തെ മൂന്ന് തവണ ദളിതുകള്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. സെപ്തംബര്‍ 30ന് ആദ്യം ക്ഷേത്രപ്രവേശനത്തിന് ദളിതുകള്‍ എത്തിയപ്പോള്‍ ക്ഷേത്രം താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. അടുത്ത ദിവസം ദളിതുകള്‍ ക്ഷേത്രത്തിലെത്തി പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് ഒക്ടോബര്‍ 14ന് നാഗപട്ടണം റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ദലിതുകള്‍ ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രശ്‌നം സി.പി.ഐ.എം ഏറ്റെടുക്കുകയും ദളിതുകളുടെ ക്ഷേത്രപ്രവേശനത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ തങ്ങള്‍ സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണ കൂടത്തിന്റെ സാന്നിധ്യത്തില്‍ സവര്‍ണരെയും ദളിതുകളെയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചയിലാണ് ദളിതര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് തീരുമാനമായത്. ഗ്രാമത്തില്‍ തങ്ങളുടെ സുരക്ഷയെക്കുറിച്ച് ദളിതുകള്‍ക്ക് ആശങ്ക വേണ്ടെന്നും ഭയം കൂടാതെ അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നും പോലീസ് എല്ലാ സംരക്ഷണവും നല്‍കുമെന്നും ജില്ലാ കലക്ടര്‍ മുനിയനാഥന്‍ പറഞ്ഞു.