എഡിറ്റര്‍
എഡിറ്റര്‍
ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതുകൊണ്ട് കാള ഓടിപ്പോയെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെന്നും ആരോപിച്ച് ക്ഷേത്ര ഉത്സവം ഉപേക്ഷിച്ച് സവര്‍ണര്‍
എഡിറ്റര്‍
Tuesday 30th May 2017 9:27am

ബംഗളൂരു: ദളിതര്‍ കയറിയതിന്റെ പേരില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെന്ന് ആരോപിച്ച് ക്ഷേത്ര ഉത്സവം നിര്‍ത്തിവെച്ചു. ബംഗളൂരുവില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ തുമക്കുരു ജില്ലയിലാണ് സംഭവം.

കൂട്ടിഹള്ളി ക്ഷേത്രത്തിലെ കുച്ചങ്കിയമ്മ ദേവിയുടെ ഉത്സവത്തിന് ഇതാദ്യമായാണു ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം കിട്ടിയത്. അതും പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ വൊക്കലിംഗ സമുദായത്തില്‍പ്പെട്ടവരുമായി ചര്‍ച്ച നടത്തി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചത്.

എന്നാല്‍ ദളിതര്‍ ക്ഷേത്രത്തില്‍ കയറിയ ദിവസം തന്നെ പൂജയ്ക്കായി കൊണ്ടുവന്ന പ്രത്യേക കാള ഓടിപ്പോയെന്നും ദളിതര്‍ ക്ഷേത്രത്തില്‍ കയറിയതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും കാള തിരികെ വന്ന് ഭക്ഷണം പോലും കഴിച്ചില്ലെന്നും സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ ആരോപിക്കുന്നത്.

”ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചുമണിക്കാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. എന്നാല്‍ പൂജാരി പൂജ ചെയ്യാന്‍ തയ്യാറായില്ല. ഞങ്ങള്‍ കയറിക്കഴിഞ്ഞ ഉടനെ തന്നെ ക്ഷേത്രത്തിലെ തോരണങ്ങള്‍ എല്ലാം അഴിച്ചുകളഞ്ഞു.

സവര്‍ണ സമുദായക്കാര്‍ തങ്ങളെ ക്ഷേത്ര ചടങ്ങുകളില്‍ മനപൂര്‍വം പങ്കെടുപ്പിക്കാതിരിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ദേവിയുടെ വിഗ്രഹവുമായി ഗ്രാമത്തില്‍ പ്രദക്ഷിണം നടത്തുമെങ്കിലും തങ്ങള്‍ താമസിക്കുന്നിടത്തേക്ക് മനപൂര്‍വം പ്രദക്ഷിണം വരാറില്ല.

കഴിഞ്ഞ ആറുവര്‍ഷമായി ക്ഷേത്രപ്രവേശനത്തിനായി തങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നുവെന്നും 60 കരിയായ ദളിത് സ്ത്രീ കെമ്പരാജമ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

നാലുദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികോത്സവത്തിനായിരുന്നു പ്രവേശനം അനുവദിച്ചത്. ഉത്സവത്തിന്റെ മൂന്നാം ദിവസമാണ് ദളിത് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ക്ഷേത്രത്തില്‍ എത്തിയത്. പുലര്‍ച്ചെ അഞ്ചിനു ദളിതര്‍ ക്ഷേത്രത്തില്‍ എത്തിയെങ്കിലും ക്ഷേത്രം പൂജാരി പൂജകള്‍ ചെയ്യാന്‍ തയ്യാറായില്ല.

വീണ്ടും പൊലീസ് ഇടപെടല്‍ ഉണ്ടായതോടെ പൂജകള്‍ നടത്തി. രാവിലെ ഏഴുമണിവരെ ക്ഷേത്രപൂജകളില്‍ പങ്കെടുക്കാന്‍ അനുമതി കിട്ടിയ ഇവര്‍ ക്ഷേത്രത്തിനു പുറത്തേക്ക് കടന്നയുടനെ ക്ഷേത്രത്തിലെ തോരണങ്ങളും അലങ്കാരങ്ങളും അഴിക്കാന്‍ തുടങ്ങി. ഉത്സവം നിര്‍ത്തിവച്ചതായും അറിയിക്കുകയായിരുന്നു.

എന്നാല്‍ ദളിതര്‍ കയറിതുകൊണ്ടല്ലെന്നും ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന ഒരു സ്ത്രീ മരണപ്പെട്ടതിന്റെ ദുഖാചരണം പ്രമാണിച്ചാണ് ഉത്സവം നിര്‍ത്തിയതെന്നുമാണ് വൊക്കലിംഗ സമുദയാക്കാര്‍ പറയുന്നത്. എന്നാല്‍ ഈ ന്യായം തെറ്റാണെന്നു വൊക്കലിംഗ സമുദായത്തില്‍ തന്നെ പെട്ട മരണപ്പെട്ട സ്ത്രീയുടെ മകന്‍ പറയുന്നു.

തന്റെ അമ്മ മരിച്ചതിന്റെ ചടങ്ങുകളെല്ലാം ക്ഷേത്രോത്സവം തുടങ്ങുന്നതിനും മൂന്നുദിവസം മുമ്പ് അവസാനിച്ചിരുന്നുവെന്നും യഥാര്‍ത്ഥത്തില്‍ തന്റെ അമ്മ മരിച്ചതില്‍ ദുഖം ഉണ്ടായിരുന്നെങ്കില്‍ ഉത്സവം തുടങ്ങരുതായിരുന്നുവെന്നും മൂന്നുദിവസത്തിനുശേഷം ഉത്സവം നിര്‍ത്തിയതിനു കാരണം മറ്റെന്തോ ആണെന്നും ഇയാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement